
ചൈനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ CF മോട്ടോ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. 300NK, 650NK, 650MT, 650GT എന്നിങ്ങനെ നാല് മോഡലുകള്‍ ഒന്നിച്ച് വിപണിയില്‍ പുറത്തിറക്കിയാണ് കമ്പനി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോളിതാ തങ്ങളുടെ വാഹന നിരയിലേക്ക് 250SR എന്ന പുതിയ മോഡലിനേയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് CF മോട്ടോ.
CF മോട്ടോ 250SR -നെ 2020 -ന്റെ തുടക്കത്തില്‍ തന്നെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള 250NK ഇന്ത്യയിലേക്ക് എത്തുമെന്ന് നിരവധി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാൽ, 300NK -യാണ് കമ്പനി പുറത്തിറക്കിയത്. രാജ്യത്ത് 250 സിസി വിഭാഗത്തിന് ജനപ്രീതി ഏറെയാണെന്ന് മനസ്സിലാക്കിയ CF മോട്ടോ 250SR -നെ ഈ വിഭാഗത്തിലേക്ക് എത്തിക്കാൻ പോകുന്നത്.
300NK -യില്‍ നിന്ന് കടമെടുത്ത TFT കളര്‍ ഡിസ്പ്ലെയാണ് CF മോട്ടോ 250SR -ലും നല്‍കുന്നത്. 250SR -നെ ഈ വര്‍ഷം ആദ്യമാണ് കമ്പനി അവതരിപ്പിച്ചത്.
എയര്‍ ഇന്ലെറ്റുകളാല് ആവരണം ചെയ്യപ്പെട്ട എല്‍ഇഡി ഹെഡ്ലാമ്പുകളാണ് ബൈക്കില്‍ വരുന്നത്. സ്പോര്‍ടി ശൈലിയിലുള്ള ഫ്യുവല്‍ ടാങ്കാണ് ഇതിൽ. അതോടൊപ്പം സ്പ്ലിറ്റ് സീറ്റുകളുമാണ്.
മോട്ടോര്‍സൈക്കിളില്‍ രണ്ട് ഡ്രൈവിങ് മോഡുകളാണ് കമ്പനി നല്‍കുന്നത്, സ്പോര്‍ടും റെയിനും. വളവുകളിലും തിരിവുകളിലും സ്മൂത്തായി ഹാന്‍ഡിലിങ്ങ് നല്കുന്ന തരത്തിലുള്ള കോമ്പാക്ട് വീല്‍ബേസാണ് 250SR -ല്‍ വരുന്നത്. 250SR -ലും 250NK -യ്ക്ക് കരുത്ത് നല്കുന്ന അതേ എഞ്ചിന് തന്നെയാവും ഒരുങ്ങുക. ആറ് സ്പീഡ് ഗിയര്‍ബോക്സാവും ബൈക്കില്‍ വരുന്നത്.






