
തീവ്രവാദ ഭീഷണി: അബ്ദുള് ഖാദറുമായി ബന്ധമുള്ള രണ്ട് പേര് കോയമ്പത്തൂരില് നിന്ന് പിടിയില്
കൊച്ചി: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില് കസ്റ്റഡിയിലുളള അബ്ദുള് ഖാദറുമായി ബന്ധമുള്ള രണ്ട് പേര് കോയമ്പത്തൂരില് നിന്ന് പിടിയിലായി. ശ്രീലങ്കയില് നിന്ന് ആറു ലഷ്കറെ ഭീകരര് തമിഴ്നാട്ടിലേക്ക് കടന്നുവെന്ന ഇന്റലിജന്സ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയില് ഹാജരാകുന്നതിനിടയില് കൊടുങ്ങല്ലൂര് സ്വദേശി അബ്ദുള് ഖാര് റഹിമീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ലഷ്കര് ബന്ധം സംശയത്തിന്റെ പേരില് പിടിയിലായ ഖാദറുമായി ഫോണില് വിളിച്ചിരുന്നവരാണ് കോയമ്പത്തൂരില് നിന്ന് പിടിയിലായത്. തിരുവാരൂരിലെ മുത്തുപ്പേട്ടയില് നിന്ന് ഒരു സ്ത്രീ ഉള്പ്പടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ശ്രീലങ്കയുമായി ഏറ്റവും അടുത്ത സ്ഥലമായതിനാല് മുത്തുപ്പേട്ടയില് വ്യാപക പരിശോധനയാണ് നടത്തുന്നത്. ചെന്നൈ സ്വദേശി സിദ്ധിഖ് പൊന്വിഴ നഗര് സ്വദേശി സഹീര് എന്നിവരെയാണ് കോയമ്പത്തൂരില് നിന്ന് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഭീകര സംഘത്തിന് സഹായം നല്കിയെന്ന് തമിഴ്നാട് പൊലീസ് സംശയിക്കുന്ന തൃശ്ശൂര് സ്വദേശി അബ്ദുള് ഖാദറുമായി ഇവര് ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ശ്രീലങ്കന് അഭയാര്ത്ഥികള് കൂടുതലുള്ള നാഗപട്ടണത്തിന് സമീപത്തെ വേദരാണ്യത്തും പൊലീസ് തിരച്ചില് ശക്തമാക്കി. കോയമ്പത്തൂര് സ്വദേശികളായ ഇരുവരെയും രഹസ്യ കേന്ദ്രത്തില് ചോദ്യം ചെയ്ത് വരികയാണ്.
തന്നെ സുരക്ഷ ഉദ്യോഗസ്ഥര് തെരയുന്ന പശ്ചാത്തലത്തിലാണ് തന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താന് കോടതിയില് എത്തിയതെന്നും കീഴടങ്ങാന് തയ്യാറാണെന്നും ഖാദര് പറഞ്ഞിരുന്നു. താന് ഒരു മാസം മുന്പാണ് ബഹ്റിനിലേക്ക് പോയതെന്നും അവിടെ ഒരു കമ്പനിയില് തടവിലായിരുന്ന സ്ത്രീയെ ആണ് താന് മോചിപ്പിച്ചുകൊണ്ടുവന്നതെന്നൂം അതിന്റെ പേരിലുള്ള പ്രതികാരമാണ് തനിക്കെതിരായ കേസെന്നും അബ്ദുള് ഖാദര് ഒരു ചാനലിനോട് പ്രതികരിച്ചു. അബ്ദുള് ഖാദര് റഹിം പറയുന്നു.
അബ്ദുള് ഖാദറിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ അധികൃതര് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ബഹ്റൈനില് നിന്നും രണ്ടു ദിവസം മുന്പാണ് അബ്ദുള് ഖാദര് കൊച്ചിയിലെത്തിയത്. തമിഴ്നാട്ടിലേക്ക് കടന്നുകയറിയ ഭീകരരില് അബ്ദുള് ഖാദറും ഉണ്ടെന്ന റിപ്പോര്ട്ടിനെ തുടര്ന്ന് ഇന്നലെ ഇയാളുടെ കൊടുങ്ങല്ലൂരിലെ വീട്ടില് പോലീസ് തെരച്ചില് നടത്തിയിരുന്നു.
ഭീകരര്ക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന ആറു പേരെ തിരുവാരൂരിലെ മുത്തുപ്പേട്ടയില് നിന്നും കസ്റ്റഡിയില് എടുത്തിരുന്നു. ആഗസ്റ്റ് 28 മുതല് സെപ്തംബര് എട്ടു വരെ രാജ്യത്ത് പലയിടത്തും ഭീകരാക്രമണത്തിന് ഇവര് പദ്ധതിയിടുന്നുവെന്നായിരുന്നു രഹസ്യാന്വേഷണ മുന്നറിയിപ്പ്. ശ്രീലങ്കയില് നിന്നും ബോട്ട്മാര്ഗം അനധികൃതമായി തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറിയ സംഘം പിന്നീട് കോയമ്പത്തൂരിലേക്ക് പോയതായാണ് വിവരം. സംഘത്തിലെ ഒരാള് പാക് പൗരനായ ഇല്യാസ് അന്വറാണെന്നും മറ്റൊരാള് അബ്ദുള് ഖാദര് ആണെന്നുമായിരുന്നു റിപ്പോര്ട്ട്.

Comments