
കൊച്ചി: എറണാകുളത്ത് പ്രളയ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്കിയ വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്തില്‍ ലൈഫ്, റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രളയദുരിത ബാധിതര്‍ക്കായി നിര്‍മിച്ച അഞ്ഞൂറ് വീടുകളുടെയും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഡിപി വേള്‍ഡ് നിര്‍മ്മിച്ച് നല്കിയ 50 വീടുകളുടെയും താക്കോല്‍ ദാനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നു. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളം ലോകത്തിന് തന്നെ മാതൃകയാണ്. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തും. പ്രളയ ദുരന്തത്തില്‍ നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കും, ചെറുകിട വ്യവസായികള്‍ക്കും സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് ദുരിതാശ്വാസ കമ്മീഷന് ഉത്തരവിറക്കിയിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലേയും വില്ലേജുകള്‍ പട്ടികയിലുണ്ട്.






