
ബോളിവുഡിലെ ആക്ഷൻ ഹീറോ അജയ് ദേവ്ഗൺ ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്റെ ആദ്യ എസ്യുവി 'കള്ളിനന്' സ്വന്തമാക്കി. ഏകദേശം 7 കോടി രൂപ വില വരുന്ന ഈ എസ്യുവി ഇന്ത്യയില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ സ്വന്തമായിട്ടുള്ളൂ.
1905ൽ ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണ് എസ്യുവിക്കുള്ള പേര് റോൾസ് റോയ്സ് നല്‍കിയത്. റോള്‍സ് റോയ്സ് ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളിനന്റ ഡിസൈന്‍.
ഫാന്റത്തിലെ വലിയ ഗ്രില്‍ കള്ളിനനിലുമുണ്ട്. ആഢംബരത്തിനൊപ്പം കരുത്തന് പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍. മുമ്പ് മലയാളി നിര്‍മാതാവും സംവിധായകനും ഏരിസ് ഗ്രൂപ്പിന്റെ മേധാവിയുമായ സോഹന്‍ റോയ് ഭാര്യക്ക് വിവാഹസമ്മാനമായി ഈ വാഹനം സമ്മാനിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഏതിനം പ്രതലത്തിലും ഓടിക്കാന്‍ വേണ്ടി വിവിധ ഡ്രൈവ് മോഡുകളുണ്ട്. 5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള ഭീമാകാരൻ കാറിന്റെ വീൽബേസ് 3.295 മീറ്ററാണ്.
563 ബിഎച്ച്പി കരുത്തും 850 എൻഎം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റർ ട്വിൻ ടർബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിൽ. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.






