
കൊച്ചി : സീസണില്‍ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള കേരളാ ടീമിനെ റോബിന് ഉത്തപ്പ നയിക്കും. കഴിഞ്ഞ വര്‍ഷം സച്ചിന് ബേബിയായിരുന്നു ടീമിനെ നയിച്ചത്. നിശ്ചിത ഓവര്‍ സീസണ് മത്സരങ്ങളില്‍ ഉത്തപ്പ നയിക്കുമെന്നും രഞ്ജിയുടെ കാര്യത്തില്‍ തീരുമാനായില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ സൗരാഷ്ട്രക്കായിയാണ് ഉത്തപ്പ മത്സരിച്ചത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും പിന്നാലെ വരുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും ഉത്തപ്പ തന്നെ ടീമിനെ നയിക്കും. വിജയ് ഹസാരെ ട്രോഫിയിലാണ് ഉത്തപ്പ അരങ്ങേറ്റം കുറിക്കുന്നത്.
അന്താരാഷ്ര്ട മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്താണ് ഉത്തപ്പയെ നായകനാക്കുന്ന തീരുമാനത്തിലേക്ക് എത്തിയത്. സച്ചിന് ബേബിക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു രഞ്ജിയില്‍ കേരളം പുറത്തെടുത്തത്. എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ആ മികവ് കാണാനായില്ല. ഇതു തന്നെയാകാം മാറ്റത്തിനുള്ള കാരണം.






