
ന്യൂഡല്‍ഹി: രാജ്യത്ത് ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കം കുറിച്ച് തൊട്ടടുത്ത ദിവസം തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. തന്റെ ജീവിതം മുന്നോട്ട് പോകുന്നതിനുള്ള കാരണം യോഗയും പ്രണയവും ആയൂര്വേദവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ആയുഷും യോഗയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മുന്നില്‍ ആരോഗ്യം സംരക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ യോഗയും നാച്ചുറോപതിയും ശീലമാക്കിയാല്‍ ഇതിനെ മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.
' ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടര്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അദ്ദേഹം കഠിനമായി അധ്വാനിക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാരലത്ത് ഞാനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഞാന്‍ നിങ്ങളോട് എന്റെ രഹസ്യം വെളിപ്പെടുത്തേണ്ടതുണ്ട്. എന്റെ ജീവിതത്തിന്റെ വാഹനം മുന്നോട്ട് കൊണ്ട് പോകുന്നത് യോഗയും പ്രണയവും ആയൂര്വേദവുമാണ്' മോഡി പറഞ്ഞു.
' ഫിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങി തൊട്ടടുത്തുള്ള ദിവസം ആയുഷും യോഗയും എന്ന വിഷയത്തില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്നത് വളരെ നല്ലതാണ്. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ രണ്ട് പ്രധാന തൂണുകളാണ് ആയുഷും യോഗയും. ഇത് ശീലത്തിന്റെ മാത്രമല്ല, സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും ആരോഗ്യത്തിന്റേയും അടിസ്ഥാന സൗകര്യങ്ങളേയും ബന്ധപ്പെട്ട് കിടക്കുന്നതാണ്.' മോഡി പറഞ്ഞു.






