
പത്തനംതിട്ട: മലേഷ്യയില്‍ ജോലി വാഗ്ദാനംചെയ്ത് നൂറുകണക്കിനു യുവാക്കളെ ചതിക്കുഴിയിലേക്കു തള്ളിവിട്ട സംഘത്തിന്റെ പ്രധാന കണ്ണി തമിഴ് വംശജയായ ഗുഗപ്രിയ കൃഷ്ണന്(25). മലയാളിയെന്നു സംശയിക്കുന്ന ഭര്‍ത്താവ് വിജയകുമാറും തമിഴ്നാട് മധുര സ്വദേശിയായ സഹായി ജബരാജും ചേര്‍ന്നാണ് തൊഴില്‍രഹിതരായ യുവാക്കളെ അനധികൃത ജോബ് കണ്‍സള്‍ട്ടന്‍സി വഴി മലേഷ്യയില്‍ എത്തിക്കുന്നത്. വന്‍ കമ്പനികളില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയാണു മനുഷ്യക്കടത്ത്.
അഭ്യസ്ഥവിദ്യരായ യുവാക്കളെ മലേഷ്യയില്‍ എത്തിച്ചശേഷം അവരുടെ പാസ്പോര്‍ട്ട് െകെവശപ്പെടുത്തി മുങ്ങുകയാണ് ഗുഗപ്രിയയുടെ രീതി. ഇതിനോടകം ഇവര്‍ ആയിരത്തിലധികം യുവാക്കളെ വഞ്ചിച്ച് ലക്ഷങ്ങളാണ് തട്ടിയത്. ജോബ് വിസപോലും ഇല്ലാതെ മലേഷ്യയിലെ ഹോട്ടലുകളില്‍ വെയ്റ്റര്‍മാരായി ജോലിചെയ്തുവരികയാണ് ഇവര്‍. അഞ്ചുവര്‍ഷത്തിലേറെയായി ഗുഗപ്രിയ തട്ടിപ്പുതുടങ്ങിയിട്ടെന്ന് മലേഷ്യയില്‍നിന്നും രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു.
മലേഷ്യന്‍ പൗരത്വമുള്ള ഇവര്‍ക്കെതിരേ നിരവധി പരാതികള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവര്‍ ഓരോ തവണയും സമര്‍ഥമായി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഗുഗപ്രിയ മലേഷ്യയില്‍ത്തന്നെ ഉണ്ടെങ്കിലും എവിടെയാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ തട്ടിപ്പിനു കൂട്ടുനിന്ന ജബരാജിന്റെ പാസ്പോര്‍ട്ടും ഗുഗപ്രിയ അടിച്ചുമാറ്റി. കൂടാതെ അയാള്‍ക്ക് വാഗ്ദാനം ചെയ്ത കമ്മിഷന് തുകയും നല്കാന് അവര്‍ തയാറായില്ല. മനംനൊന്ത ജബരാജ് ഗുഗപ്രിയക്കെതിരേ രണ്ടുമാസം മുമ്പ് പോലീസില്‍ പരാതി നല്കി.
മലേഷ്യന്‍ ദിനപത്രങ്ങളില്‍ ഇതുസംബന്ധിച്ച് വാര്‍ത്തകളും വന്നു. പക്ഷേ അന്വേഷണം കാര്യക്ഷമമായില്ല. തട്ടിപ്പിനായി തന്ത്രപരമായ രീതികളാണ് ഗുഗപ്രിയ സ്വീകരിക്കുന്നത്. ഇതിനായി പെട്രോണാസ്, ലേ-മോള്‍ഡിങ് പോലുള്ള വന്‍കിട സ്ഥാപനങ്ങളില്‍ ഒഴിവുണ്ടെന്നു കാട്ടി സാമൂഹിക മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവയിലൂടെ ഇവര്‍ പരസ്യം നല്‍കും. തുടര്‍ന്ന് ജബരാജിനെ കേരളത്തിലേക്ക് അയക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ജോബ് കണ്‍സള്‍ട്ടന്‍സികളെ സ്വാധീനിച്ച് വന്‍തുക ഇവര്‍ക്ക് കമ്മിഷന് വാഗ്ദാനം ചെയ്താണ് യുവാക്കളെ ആകര്‍ഷിക്കുന്നത്.
ഇവര്‍ പറയുന്ന സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്നു സംശയം പ്രകടിപ്പിച്ചാല്‍ ഇവര്‍തന്നെ സ്ഥാപനത്തിന്റെ എച്ച്.ആര്. വിഭാഗത്തിന്റെ നമ്പര്‍ നല്‍കും. ആ നമ്പരില്‍ വിളിച്ചാല്‍ സ്ഥാപനത്തില്‍ ഒഴിവുണ്ടെന്ന മറുപടിയാകും ലഭിക്കുക. എന്നാല്‍ ആ നമ്പരിന്റെ ഉടമ യഥാര്‍ഥത്തില്‍ ഗുഗപ്രിയയുടെ സംഘത്തില്‍പ്പെട്ട വ്യക്തിയായിരിക്കും. ഒരാള്‍ക്ക് ജോലി നല്‍കുന്നതിന് 3.75 ലക്ഷം മുതല്‍ ആറുലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. വാങ്ങുന്ന തുകയ്ക്കനുസരിച്ച് അമ്പതിനായിരം മുതല്‍ ഒന്നര ലക്ഷം വരെ ഏജന്‍സിക്ക് കമ്മിഷന് നല്‍കും.
മലേഷ്യയില്‍ എത്തിക്കഴിഞ്ഞാല്‍ െവെകാതെ ജോലി ലഭിക്കുമെന്നും ആഴ്ചകള്‍ക്കുള്ളില്‍ ജോബ്വിസ തരപ്പെടുത്തി നല്‍കുമെന്നുമാണ് വാഗ്ദാനം. യുവാക്കള്‍ മലേഷ്യയിലെത്തിയാല്‍ നിലവാരമുള്ള താമസസ്ഥലം നല്‍കും. തുടര്‍ന്ന് ഇവരുടെ പാസ്പോര്‍ട്ട് തന്ത്രത്തില്‍ െകെക്കലാക്കും. കൂടുതല്‍ ഒഴിവുകളുണ്ടെന്നും സുഹൃത്തുക്കളുണ്ടെങ്കില്‍ അവരേയും വരുത്തണമെന്നുള്ള ഇവരുടെ വാക്കുകേട്ട് പലരും നാട്ടിലുള്ള ചെറുപ്പക്കാരെ മലേഷ്യയില്‍ എത്തിക്കാന്‍ ശ്രമിക്കും. കിട്ടാവുന്നത്ര പണം സ്വരൂപിച്ച ശേഷം യുവാക്കളുടെ പാസ്പോര്‍ട്ടുകളുമായി ഗുഗപ്രിയ മുങ്ങുകയാണ് പതിവ്.
ഇതോടെ താമസസ്ഥലത്തിന്റെ വാടകപോലും നല്കാന് കാശില്ലാതെ യുവാക്കള്‍ പെരുവഴിയിലാകും. പോലീസ് പടിച്ചാല് എമിഗ്രേഷന്‍ ജയിലില്‍ അകപ്പെടും. ഇവിടെനിന്നും പുറത്തിറങ്ങണമെങ്കില്‍ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. യുവാക്കളില്‍നിന്നും അടിച്ചുമാറ്റുന്ന പാസ്പോര്ട്ടുകള് ഉപയോഗിച്ച് ഗുഗപ്രിയ വീണ്ടും തട്ടിപ്പുകള്‍ നടത്തും. മലേഷ്യയിലെ ക്വലാലമ്പൂരില്‍ ഗുഗപ്രിയ ''ജി.കെ. ഗ്ളോബല്‍ മാനേജ്മെന്റ്'' എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്. ഒറ്റത്തവണ തട്ടിപ്പു നടത്തുന്നതിനായി തട്ടിക്കൂട്ടുന്നതാണിത്.
വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാന്‍ തയാറാകാത്ത യുവാക്കള്‍ ഭക്ഷണത്തിനും താമസത്തിനുമായാണ് ചെറിയ ശമ്പളത്തില്‍ ഹോട്ടലുകളില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. അനധികൃതമായി താമസിക്കുന്നവരെ ചൂഷണംചെയ്ത് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഹോട്ടലുകള്‍ ധാരാളമുള്ളതിനാല്‍ പലരും അവരുടെ കാരുണ്യത്തില്‍ കഴിഞ്ഞുകൂടുകയാണ് പതിവ്. ചില ഹോട്ടല്‍ ഉടമകള്‍ മാത്രം ശമ്പളമായി എന്തെങ്കിലും നല്‍കും.
ഗുഗപ്രിയ പലപ്പോഴും മലയാളികളായ യുവാക്കള്‍ക്കു മുന്നില്‍ സ്വന്തം പേരുപറഞ്ഞ് പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഇവര്‍ വേഷപ്രഛന്നയായി എത്താറുണ്ട്. യുവാക്കളില്‍ ചിലരെങ്കിലും ഗുഗപ്രിയയുടെ ആകര്‍ഷകവലയത്തില്‍ വീഴാറുണ്ട്. അത്തരം ഹതഭാഗ്യരുടെ െകെവശമുള്ള മൊെബെല്‍ഫോണ്‍, വാച്ച്, വിലകൂടിയ വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഗുഗപ്രിയ അടിച്ചുമാറ്റും. എതിര്‍ക്കുന്നവരെ പോലീസിന് ഒറ്റികൊടുക്കും. ഇത്തരക്കാരുടെ വാസം പിന്നീട് ക്രിമിനലുകളെ പാര്‍പ്പിക്കുന്ന ജയിലിലായിരിക്കും. അതിസാഹസം കാട്ടാന്‍ തയാറാകുന്നവര്‍ക്ക് ചിലപ്പോള്‍ ഗുഗപ്രിയയുടെ ഗുണ്ടകളുടെ മര്‍ദനം ഉറപ്പാണ്. ഇപ്പോള്‍ മലേഷ്യയില്‍ പൊതുമാപ്പിന്റെ സമയമാണ്.
എംമ്പസിയുടെ സഹായത്തോടെ നിരവധി യുവാക്കള്‍ നാട്ടിലേക്കു തിരിച്ചെത്തുന്നുമുണ്ട്. തങ്ങള്‍ക്കുണ്ടായ അനുഭവം മറ്റാര്‍ക്കും സംഭവിക്കാതിരിക്കാനാണ് ഇവര്‍ ഇക്കാര്യങ്ങള്‍ മംഗളത്തോട് വെളിപ്പെടുത്തിയത്. ഗുഗപ്രിയയുടെ ഭര്‍ത്താവ് വിജയകുമാര്‍ സ്ഥലത്തില്ല. ഇയാള്‍ കമ്പോഡിയയിലാണെന്നാണ് അറിയുന്നത്. ഇടയ്ക്ക് മലേഷ്യയിലും കേരളത്തിലും എത്തും. എറണാകുളത്തുനിന്നും നല്കിയ ഇന്ത്യന്‍ പാസ്പോര്‍ട്ടാണ് ഇയാളുടെ െകെവശമുള്ളത്.






