
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് 86,500 രൂപ പിഴ ചുമത്തി. മോട്ടോര്‍ വാഹന നിയമത്തിലെ പുതുക്കിയ പിഴ തുക പ്രകാരമാണ് ട്രക്ക് ഡ്രൈവര്‍ക്ക് ഭീമമായ തുക പിഴ ചുമത്തിയത്. ട്രക്ക് ഡ്രൈവറായ അശോക് ജാദവിനാണ് പുതിയ പിഴ ഘടന പ്രകാരം ഭീമമായ തുക പിഴ ചുമത്തപ്പെട്ടത്. ചൊവ്വാഴ്ചയാണ് പിഴ ചുമത്തിയതെങ്കിലും പിഴത്തുകയുടെ രസീത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്. പുതുക്കിയ നിരക്ക് പ്രകാരം രാജ്യത്ത് ഇതുവരെ ചുമത്തിയതില്‍ ഏറ്റവും ഭീമമായ പിഴത്തുകയാണിത്.
അംഗീകൃത ഡ്രൈവര്‍ അല്ലാത്ത വ്യക്തിക്ക് ട്രക്ക് ഓടിക്കാന്‍ നല്‍കിയതിന് 5000 രൂപ, ലൈസന്‍സ് ഇല്ലാത്തതിന് 5000 രൂപ, 18 ടണ്‍ അധിക ലോഡിന് 56000 രൂപ. പുറത്തേക്ക് തള്ളിനില്ക്കുന്ന വിധമുള്ള ലോഡിന് 20,000 രൂപ, പൊതുവായ മറ്റ് നിയമലംഘനങ്ങള്‍ക്ക് 500 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയതെന്ന് സാമ്പല്‍പൂര്‍ ആര്.ടി.ഒ ലളിത് മോഹന്‍ ബെഹ്റ പറഞ്ഞു. 86,500 രൂപയാണ് പിഴ ചുമത്തിയതെങ്കിലും അധികൃതരോട് ഏറെ നേരം താണുകേണ് അപേക്ഷിച്ച് പിഴത്തുക 70,000 രൂപയായി കുറച്ചു.
നാഗാലാന്‍ഡ് ആസ്ഥാനമായുള്ള ബി.എല്‍.എ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. ജെ.സി.ബി മെഷീനുമായി ഛത്തീസ്ഗഡില്‍ നിന്ന് ആംഗല്‍ ജില്ലയിലെ താച്ചറിലേക്ക് പോകുന്നതിനിടെയാണ് വാഹനം പിടികൂടിയത്. പിഴത്തുക വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് പുതിയ നടപ്പിലാക്കിയ ട്രാഫിക് നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നിന് തന്നെ നടപ്പിലാക്കിയ സംസ്ഥാനമാണ് ഒഡീഷ.







Comments