
ഹൈദരാബാദ്: തെലങ്കാനയിലെ കെ.സി.ആര് മന്ത്രിസഭ വികസിപ്പിച്ചു. പുതിയതായി ആറ് പേരെ കെ.സി.ആര് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. മകനും മരുമകനും പുതിയ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു. മകന് കെ.ടി രാമറാവു, മരുമകന് ടി. ഹരീഷ് റാവു എന്നിവരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ തെലങ്കാനയിലെ മന്ത്രിമാരുടെ എണ്ണം 18 ആയി.
കെ.ടി രാമറാവു, ടി. ഹരീഷ് റാവു എന്നിവര്‍ക്ക് പുറമെ സബിത ഇന്ദിര റെഡ്ഡി, സത്യവതി റത്തോഡ്, ഗാംഗുല കമാല്‍കര്‍, പുവ്വഡ അജയകുമാര്‍ എന്നിവരാണ് മറ്റ് മന്ത്രിമാര്‍. എല്ലാവരും തെലുങ്കിലാണ് സത്യവാചകം ചൊല്ലിയത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥ പ്രതിനിധികളും സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു.
തെലങ്കാന രാജ്ഭവനില്‍ വൈകുന്നേരം 4.14 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. പുതിതായി ചുമതലയേറ്റ് ഗവര്‍ണര്‍ തമിളിസൈ സൗന്ദര്രാജന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് രാവിലെയാണ് തിമിളിസൈ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാന് സത്യവാചകം ചൊല്ലിക്കൊടുത്തു.
2014ല്‍ തിരഞ്ഞെടുക്കപ്പെട്ട ഒന്നാം കെ.സി.ആര് സര്‍ക്കാരില്‍ വനിതാ മന്ത്രിമാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ സബിത ഇന്ദിര റെഡ്ഡി, സത്യവതി റാത്തോഡ് എന്നിങ്ങനെ രണ്ട് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. സബിത മഹേശ്വരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു. പിന്നീട് 11 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം കൂറുമാറി ടി.ആര്.എസില്‍ ചേരുകയായിരുന്നു.







Comments