
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സഹോയുടെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയോയില്‍ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.
ബാഹുബലിയുടെ ആര്‍ട്ട് ഡയറകട്റായിരുന്ന സാബു സിറിലാണ് ചിത്രത്തിന്റെ കലാ സംവിധായകന്. ചിത്രത്തിനായി അദ്ദേഹം പ്രത്യേക ട്രക്കുകളും കാറുകളും സ്വന്തമായി നിര്‍മിക്കുകയായിരുന്നു. 37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി ചെലവിട്ടത്.
ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ റിലീസിനെത്തിയ ചിത്രത്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശ്സത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് സഹോയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.
ദുബായിലും മറ്റും ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമെന്നാണ് പ്രേക്ഷകര്‍ സഹോയെ വിശേഷിപ്പിക്കുന്നത്. പ്രഭാസ് ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് സഹോ. മാസ് മസാല എന്റടെയ്ന്‍മെന്റ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗിബ്രാന്‍ പശ്ചാത്തലസംഗീതം സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര് മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. യുവിക്രയേഷന്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളി താരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ് , നീല്‍ നിതിന്‍ മുകേഷ് , മന്ദിര ബേദി , ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആര് .ഡി . ഇല്യുമിനേഷന്‍ ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.






