
മത്തങ്ങ എരിശേരി
ആവശ്യമുള്ള സാധനങ്ങള്‍
മത്തങ്ങ ഇടത്തരം വലിപ്പത്തില്‍ മുറിച്ചത് - ഒരു കപ്പ്
ചേന ഇടത്തരം വലിപ്പത്തില്‍ മുറിച്ചത് - ഒരു കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ് + ഒരു കപ്പ്
മുളകുപൊടി - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
തയാറാക്കുന്ന വിധം
മത്തങ്ങയും ചേനയും ഉപ്പും പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. ഇവ ഒരുമിച്ച് ഉടച്ചെടുക്കുക. അര കപ്പ് തേങ്ങ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ തരുതരിപ്പായി അരച്ച് ഉടച്ചുവച്ചതിലേക്ക് ചേര്‍ക്കുക. ചെറുതീയില്‍ തിളച്ചുവരുമ്പോള്‍ ഒരു കപ്പ് തേങ്ങ വെളിച്ചെണ്ണയില്‍ വറുത്ത് ഇതിനു മുകളിലായി തൂവക. ചൂടോടെ വിളമ്പാം.
കാളന്
ആവശ്യമുള്ള സാധനങ്ങള്‍
പച്ചക്കായ ചെറിയ ചതുര കഷണങ്ങളാക്കിയത് - 1 1/2 കപ്പ്
പച്ചമുളക് - 4 എണ്ണം
വെള്ളം - ആവശ്യത്തിന്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ജീരകം - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
തൈര് - 3 കപ്പ്
ചുവന്നുള്ളി അരിഞ്ഞത് - മൂന്നെണ്ണം
കടുക് - 1/2 ടീസ്പൂണ്‍
കറിവേപ്പില - 3 തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തില്‍ കായ മുറിച്ചതും പച്ചമുളകും ഉപ്പും മഞ്ഞള്‍പ്പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങയും ജീരകവും അല്‍പ്പം വെള്ളം ചേര്‍ത്ത് അരെച്ചടുക്കുക. വേവിച്ചുവച്ച പച്ചക്കായയിലേക്ക് തേങ്ങ അരച്ചതും തൈരും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കാം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് കറിക്ക് മുകളിലൊഴിക്കാം.

ചെറുപയര്‍ പരിപ്പു കറി
ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ പരിപ്പ് - 500 ഗ്രാം
പച്ചമുളക് - 6 എണ്ണം (നെടുകെ പിളര്‍ന്നത് )
ഉപ്പ്, വെള്ളം - പാകത്തിന്
അരപ്പിന്
തേങ്ങ ചിരകിയത് - 1/2 മുറി
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി - 5 എണ്ണം
ചുവന്നുള്ളി - 2 എണ്ണം
പച്ചമുളക് - 4 എണ്ണം
താളിക്കാന്‍
എണ്ണ - 2 ടീസ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
ചുവന്നുള്ളി - 3 എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
വറ്റല്‍ മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
തയാറാക്കുന്ന വിധം
ചെറുപയര്‍ പരിപ്പും പച്ചമുളകും പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.തേങ്ങ, മഞ്ഞള്‍പ്പൊടി, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി ഇവ ഒരുമിച്ച് അരച്ചെടുക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ട് ഉടച്ചെടുക്കുക. ഇതിലേക്ക് അരപ്പും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഇളക്കി ചൂടാക്കുക. തിളക്കുമ്പോള്‍ അടുപ്പില്നിന്നിറക്കിവയ്ക്കാം. ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളിയും, വറ്റല്‍മുളകും, കറിവേപ്പിലയും ചേര്‍ത്ത് താളിച്ച് കറിയിലൊഴിക്കാം.
അവിയല്‍
ആവശ്യമുള്ള സാധനങ്ങള്‍
അച്ചിങ്ങ, മുരിങ്ങക്ക, ചേന, വെള്ളരിക്ക, പടവലങ്ങ, ക്യാരറ്റ്, ഏത്തക്ക (എല്ലാ പച്ചക്കറികളും രണ്ടിഞ്ച് കനത്തിലരിഞ്ഞത്) 1/4 കപ്പ് വീതം
പച്ചമുളക് രണ്ടായി പിളര്‍ന്നത് - 7 എണ്ണം
വെളിച്ചെണ്ണ - 1/4 കപ്പ്
ഉപ്പ് - പാകത്തിന്
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
പുളിയുളള മാങ്ങ അരിഞ്ഞത് - 1/2 കപ്പ്
വെള്ളം പാകത്തിന്
തേങ്ങ ചിരകിയത് - 3/4 കപ്പ്
ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി - 5 എണ്ണം
കറിവേപ്പില - 2 തണ്ട്
തയാറാക്കുന്ന വിധം
ഉരുളിയില്‍ എണ്ണയൊഴിച്ച് പച്ചക്കറികള്‍, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ഒരുമിച്ച് യോജിപ്പിച്ച് പാകത്തിന് വെള്ളവുമൊഴിച്ച് അടച്ച് വേവിക്കുക. വെന്തശേഷം മാങ്ങ ചേര്‍ത്തിളക്കുക. തേങ്ങ, ജീരകം, പച്ചമുളക്, ചുവന്നുള്ളി എന്നിവ അധികം അരയാതെ അരച്ച് വെന്ത പച്ചക്കറിയില്‍ ചേര്‍ത്ത് അരപ്പിന്റെ പച്ചമണം മാറുമ്പോള്‍ കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് അല്‍പ്പസമയം മൂടിവച്ച ശേഷം വാങ്ങി വിളമ്പാം.

സാമ്പാര്‍
ആവശ്യമുളള സാധനങ്ങള്‍
പരിപ്പ് - ഒരു കപ്പ്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
സവാള അരിഞ്ഞത് - ഒരെണ്ണം
പച്ചമുളക് - 4 എണ്ണം
ഉരുളക്കിഴങ്ങ് ഇടത്തരം കഷണങ്ങളായി മുറിച്ചത് - 2 എണ്ണം
മുരിങ്ങയ്ക്ക ഇടത്തരം കഷണങ്ങളായി മുറിച്ചത് - 2 എണ്ണം
വഴുതനങ്ങ ഇടത്തരം ചതുര കഷണങ്ങളായി മുറിച്ചത് - ഒരു കപ്പ്
ചേന ഇടത്തരം ചതുര കഷണങ്ങളായി മുറിച്ചത് - ഒരു കപ്പ്
പച്ചക്കായ ഇടത്തരം ചതുര കഷണങ്ങളായി മുറിച്ചത് - ഒരെണ്ണം
കാരറ്റ് ഇടത്തരം ചതുര കഷണങ്ങളായി മുറിച്ചത് - 2 എണ്ണം
തക്കാളി ചതുരത്തിലരിഞ്ഞത് - 3 എണ്ണം
വെണ്ടയ്ക്ക ഇടത്തരം കഷണങ്ങളായി മുറിച്ചത് - 6 എണ്ണം
മല്ലിപൊടി - 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍
കായം - 1/2 ടീസ്പൂണ്‍
വാളന്‍പുളി - ഒരു നെല്ലിക്കാ വലുപ്പത്തില്‍
ഉപ്പ് - പാകത്തിന്
കടുക്- 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി - 2 എണ്ണം
ഉണക്കമുളക്- രണ്ടെണ്ണം
കറിവേപ്പില - 2 തണ്ട്
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
പരിപ്പ് മഞ്ഞള്‍പ്പൊടിയും വെള്ളവും പച്ചമുളകും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് സവാള, ഉരുളകിഴങ്ങ്, പച്ചക്കായ, കാരറ്റ്, വഴുതനങ്ങ, ചേന, മുരിങ്ങക്കായ എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കാം. എണ്ണ ചൂടാക്കി കടുക്, ചെറിയ ഉള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉലുവ, ജീരകം, മുളകുപൊടി, മല്ലിപ്പൊടി, കായം എന്നിവ ചേര്‍ത്ത് ചെറുതായി ചൂടാക്കുക. അതിലേക്ക് പുളിപിഴിഞ്ഞ വെള്ളവും ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ഇത് കറിയിലേക്ക് ഒഴിക്കുക. ഇതിലേക്ക് തക്കാളി, വെണ്ടയ്ക്ക എന്നിവയും ചേര്‍ക്കുക. കഷ്ണങ്ങള്‍ വെന്തശേഷം കറിവേപ്പില വിതറി അടച്ചുവയ്ക്കാം.

ഓലന്‍
ആവശ്യമുള്ള സാധനങ്ങള്‍
വന്‍പയര്‍ - 1/2 കപ്പ്
കുമ്പളങ്ങ ചതുര കഷണങ്ങളായി അരിഞ്ഞത് - 2 1/2 കപ്പ്
വെള്ളം - ആവശ്യത്തിന്
കട്ടി തേങ്ങാപ്പാല്‍ - ഒരു കപ്പ്
പച്ചമുളക് നീളത്തില്‍ മുറിച്ചത് - 4 എണ്ണം
ഉപ്പ് - പാകത്തിന്
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വന്‍പയര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. ശേഷം പാകത്തിന് വെള്ളവും ഉപ്പും രണ്ട് പച്ചമുളകും ചേര്‍ത്ത് വേവിച്ചെടുക്കുക. കുമ്പളങ്ങയും അല്‍പ്പം വെള്ളവും ഉപ്പും രണ്ട് പച്ചമുളകും ചേര്‍ത്ത് വേവിച്ചെടുക്കാം. വേവിച്ചെടുത്ത വന്‍പയറും കുമ്പളങ്ങയും ഒന്നിച്ചെടുത്ത് അതിലേക്ക് തേങ്ങാപ്പാലും കറിവേപ്പിലയും ചേര്‍ത്തിളക്കി ചൂടാക്കുക(തിളയ്ക്കരുത്). അടുപ്പില്‍ നിന്നിറക്കിയ ശേഷം അല്‍പ്പം പച്ച വെളിച്ചെണ്ണ കറിക്കുമുകളിലൊഴിച്ച് അടച്ചുവയ്ക്കാം.
ഏത്തപ്പഴം പച്ചടി
ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴം - 2 എണ്ണം
ചുവന്നുള്ളി വട്ടത്തിലരിഞ്ഞത് - 10 എണ്ണം
പച്ചമുളക് നെടുവേ പിളര്‍ന്നത് - 4 എണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത് - ഒരു ചെറിയ കഷണം
തേങ്ങ ചിരകിയത് - ഒരു മുറി
ജീരകം - 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 4 എണ്ണം
തൈര്- 2 ടേബിള്‍ സ്പൂണ്‍
കടുക് - 2 ടീസ്പൂണ്‍
എണ്ണ, കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഏത്തപ്പഴം, പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി ഇവ അരിഞ്ഞ് ഉപ്പും അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങ പകുതി കടുക്, ജീരകം ഇവ ചേര്‍ത്തരച്ച് അതിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ഇനി ആവശ്യത്തിന് തൈരൊഴിച്ച് ചൂടാക്കി വാങ്ങുക. ചൂടായ എണ്ണയില്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില ഇവ മൂപ്പിച്ച് കറിയിലൊഴിക്കാം.

മധുരക്കറി
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത കൈതച്ചക്ക ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
ഏത്തപ്പഴം ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
പച്ച മുന്തിരി രണ്ടായി മുറിച്ചത് (മധുരമുള്ളത്) - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - ഒരു കപ്പ്
ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി - ഒരെണ്ണം
കടുക് - ഒരു ടീസ്പൂണ്‍
തൈര് - ഒരു കപ്പ്
എണ്ണ - പാകത്തിന്
തയാറാക്കുന്ന വിധം
കൈതച്ചക്കയും ഏത്തപ്പഴവും കടുക് ചതച്ചതും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ, മഞ്ഞള്‍പ്പൊടി, ജീരകം ഇവ ഒരുമിച്ച് ചതയ്ക്കുക. വെന്തപഴങ്ങളിലേക്ക് അരപ്പും മുന്തിരിയും തൈരും ചേര്‍ത്തിളക്കി ചെറുതീയില്‍ ചൂടാക്കി വാങ്ങാം.
പുളിയിഞ്ചി
ആവശ്യമുള്ള സാധനങ്ങള്‍
ഇഞ്ചി കനം കുറച്ച് അരിഞ്ഞത് - 200 ഗ്രാം
പച്ചമുളക് കനംകുറച്ച് വട്ടത്തിലരിഞ്ഞത് - 50 ഗ്രാം
വാളന്‍പുളി വെള്ളത്തില്‍ കുതിര്‍ത്തത് - നെല്ലിക്കാവലിപ്പത്തില്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
കടുക് - ഒരു നുള്ള്
കറിവേപ്പില - 4 തണ്ട്
ഉപ്പ് - പാകത്തിന്
ശര്‍ക്കര - ഒരു ടീസ്പൂണ്‍
നല്ലെണ്ണ - 1/4 കപ്പ്
തയാറാക്കുന്ന വിധം
നല്ലെണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, പച്ചമുളക് എന്നിവ വറുത്തുകോരുക. മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പുളി കലക്കിയ വെള്ളത്തില്‍ ചേര്‍ത്ത് അടുപ്പില്‍ വച്ച് കുറുക്കുക. ബാക്കിവന്ന നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില മൂപ്പിക്കുക. ഇത് പുളി കുറുക്കിയതില്‍ ചേര്‍ക്കുക. വറുത്തുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ക്കുക. സ്വാദ് ക്രമീകരിക്കാനായി പാകത്തിന് ഉപ്പും ശര്‍ക്കരയും ചേര്‍ക്കാം.

അടപ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍
അരിയുടെ പാലട - 200 ഗ്രാം
പാല് - രണ്ട് ലിറ്റര്‍
നെയ്യ് - 25 മില്ലി
ശര്‍ക്കര - 500 ഗ്രാം (ഉരുക്കി അരിച്ചെടുക്കുക)
കശുവണ്ടിപ്പരിപ്പ് - 15 എണ്ണം
ഏലയ്ക്ക പൊടിച്ചത് - 4 എണ്ണം
ഒരു പാത്രത്തില്‍ പാലട ഇട്ട് അതില്‍ തിളച്ച വെള്ളം ഒഴിച്ച് അടച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം അട തണുത്ത വെള്ളം ഒഴിച്ച് കഴുകി അരിപ്പയില്‍ വെള്ളം വാര്‍ത്തെടുക്കണം. അടി കട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് ശര്‍ക്കര പാനിയും അടയും ചേര്‍ത്ത് വരട്ടിയെടുക്കുക. ഇതിലേക്ക് പാലൊഴിച്ച് തിളയ്ക്കുന്നതുവരെ ഇളക്കുക. വറ്റി പാല് നല്ലവണ്ണം കുറുകിവരുമ്പോള്‍ ഏലയ്ക്കാപ്പൊടിയും നെയ്യില്‍ കശുവണ്ടിപ്പരിപ്പ് വറുത്തതും ചേര്‍ത്തിളക്കി വിളമ്പാം.
മത്തങ്ങ പായസം
ആവശ്യമുള്ള സാധനങ്ങള്‍
മത്തങ്ങ തൊലികളഞ്ഞ് കഴുകി ചെറിയ കഷണങ്ങളായി അരിഞ്ഞത് - 1/2 കിലോ
ശര്‍ക്കര - 500 ഗ്രാം
തേങ്ങയുടെ ഒന്നാം പാല് - ഒരു കപ്പ്
രണ്ടാം പാല് - 3 കപ്പ്
വറുത്ത എള്ള് - ഒരു ടീസ്പൂണ്‍
നെയ്യ് - 100 ഗ്രാം
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
തേങ്ങാക്കൊത്ത് - 1/4 കപ്പ്
തയാറാക്കുന്ന വിധം
മത്തങ്ങ, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഉരുളി അടുപ്പില്‍ വെച്ച് ചൂടാക്കി നെയ്യ് ഒഴിച്ച് മത്തങ്ങാ മിശ്രിതം ഇട്ട് വരട്ടുക. ഇതിലേക്ക് രണ്ടാം പാലും ശര്‍ക്കര ഉരുക്കി അരിച്ചെടുത്തതും കുറേശ്ശെവീതം ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് എള്ള് ചേര്‍ത്തിളക്കാം. ഇനി ഒന്നാം പാലും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. തേങ്ങാക്കൊത്ത് നെയ്യിയില് വറുത്തതും പായസത്തില്‍ ചേര്‍ക്കാം.

പാലട
ആവശ്യമുള്ള സാധനങ്ങള്‍
പാല് - ഒരു ലിറ്റര്‍
അട - 250 ഗ്രാം
പഞ്ചസാര - മധുരത്തിനനുസരിച്ച്
നെയ്യ് - 5 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്, കിസ്മിസ്സ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അടികട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാക്കി പാല് ഒഴിച്ച് ചൂടാക്കുക. പാല് ചൂടായി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കിക്കൊണ്ട് തിളപ്പിക്കുക. ശേഷം അട ചേര്‍ത്ത് 30 മിനിറ്റ് തീകുറച്ചുവച്ച് ഇളക്കണം. ഇടയ്ക്ക് നെയ്യ് കുറേശ്ശെ ചേര്‍ക്കാം. അട വെന്ത് പായസം കുറുകിയ പരുവമാകുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് അടുപ്പില്‍ നിന്നിറക്കാം.കശുവണ്ടിപ്പരിപ്പ്, കിസ്മിസ്സ് ഇവ നെയ്യില്‍ മൂപ്പിച്ച് നെയ്യൊടു കൂടി തന്നെ പായസത്തിലേക്ക് ചേര്‍ത്ത് ഇളക്കാം.







Comments