
ടിവിഎസ് മോട്ടോർ അവരുടെ ജനപ്രിയ സ്കൂട്ടറായ ജുപ്പിറ്റർ ഗ്രാൻഡെയുടെ പരിഷ്ക്കരിച്ച മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി സവിശേഷതകളുള്ള പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെയ്ക്ക് 59,990 രൂപയാണ് എക്സ്ഷോറൂം വില.
പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെയ്ക്ക് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 6,900 രൂപ കൂടുതലാണ്. പുതിയ മോഡൽ ഇപ്പോൾ എക്സ്ക്ലൂസീവ് ‘ടെക് ബ്ലൂ' പെയിന്റ് സ്കീമിൽ ലഭ്യമാണ്. ക്രോംമിൽ അലങ്കരിച്ച ബോഡി പാനലുകളും റിയർ വ്യൂ മിററുകളും, മെറൂൺ നിറമുള്ള ക്രോസ്-സ്റ്റിച്ചിഡ് സീറ്റുകൾ, ബീജ് ഇൻസൈഡുകൾ, മെഷീൻ ചെയ്ത ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയും സ്കൂട്ടറിന്റെ മേന്മകളാണ്.
ഒരൊറ്റ വേരിയന്ലാണ് പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇപ്പോൾ വിപണിയിലെത്തുന്നത്. ഒറ്റ ഡിസ്ക് ബ്രേക്കാണ് സ്കൂട്ടറിൽ അവതരിപ്പിക്കുന്നത്. പുതിയ ജുപ്പിറ്റർ ഗ്രാൻഡെ സ്കൂട്ടറിന് 109.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്.
സ്മാർട്ട് എക്സ് കണക്റ്റ്' ടെക്നോളജി എന്ന ഫീച്ചർ ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ സ്മാർട്ട് എക്സ് കണക്റ്റ് ഫീച്ചർ റൈഡറിന്റെ IOS അല്ലെങ്കിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി ബന്ധിപ്പിക്കുന്നു. കോളിംഗ്, മെസേജിംഗ്, അമിത വേഗത, യാത്ര വിശദാംശങ്ങൾ എന്നിവയ്ക്കായുള്ള അലേർട്ടുകളും ഇതിൽ ലഭ്യമാണ്.
ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ റീഡിംഗുകൾ, ഇന്ധന നിലകൾ, മറ്റ് ടെൽടെയിൽ ലൈറ്റുകൾ എന്നിവയും ലഭ്യമാണ്. ക്രോം ബെസലുകളുള്ള എൽഇഡി ഹെഡ്ലാമ്പുകളും ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഡ്യുവൽ-കളർ 3D ലോഗോയും പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെയിലെ മറ്റ് ഫീച്ചറുകളാണ്.






