
ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ ആഗോളതലത്തില്‍ കൂടുതല്‍ ശക്തരായെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. ആഗോള തലത്തില്‍ അജണ്ടകള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യയുടെ ശബ്ദം കൂടുതല്‍ മെച്ചപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം മികച്ച നിലയിലാണ്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം 90 ശതമാനം പൂര്‍ണവും 10 ശതമാനം ഭാഗികവുമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിദേശകാര്യ മന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയ്ശങ്കര്. രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ നൂറുദിനത്തില്‍ മന്ത്രാലയം ചെയ്ത കാര്യങ്ങള്‍ വിദേശകാര്യ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോള പിന്തുണ ലഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മോഡി സര്‍ക്കാരിന് മാറ്റത്തിന്റെ സന്ദേശം നല്കാന് ആദ്യത്തെ നൂറുദിനം കൊണ്ട് സാധിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് രാജ്യം നേടിരുന്ന വലിയ വെല്ലുവിളി. പാക്കിസ്ഥാനില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നതെന്നും ജയ്ശങ്കര് പറഞ്ഞു. ആഫ്രിക്കയില്‍ ഇന്ത്യ 18 എംബസികള്‍ തുറക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.







Comments