
ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സൂഫിയും സുജാതയും' എന്ന ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി അദിതി റാവു ഹൈദരി നായികമായി എത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നരണിപ്പുഴ ഷാനവാസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
സൂഫിയായി ജയസൂര്യ എത്തുമ്പോള്‍ സുജാതയായിട്ടാണ് അദിതി റാവു എത്തുന്നത്. പ്രജാപതി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കൂറിച്ച അദിതി റാവു ബോളിവുഡ്, തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ തിരക്കേറിയ നടിയാണ്. മലയാളത്തിലെ ആദ്യ ചിത്രം കാര്യമായ വിജയം ഉണ്ടാക്കാന്‍ കഴിയാതെ പോയതോടെ അദിതി ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു.
മണിരത്നം ചിത്രങ്ങളായ കാട്ര് വെളിയിതേ , ചെക്കാ ചെവന്ത വാനം എന്നിവയില്‍ അദിതിയായിരുന്നു നായിക. ജാതീയത ചര്‍ച്ചയായ കരി എന്ന ചിത്രത്തിന് ശേഷം ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫിയും സുജാതയും. നദീതീരത്തെ ഒരു പളളിയെ ചുറ്റിപ്പറ്റിയാണ് സിനിമ.
തങ്ങള്‍ ഇതുവരെ നിര്‍മിച്ച ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമായേക്കാം എന്നാണ് ഫ്രൈഡേ ഫിലിംസ് അവകാശപ്പെടുന്നത്. സിദ്ദിഖ് , ഹരീഷ് കണാരന്, വിജയ് ബാബു, മണികഠന് പട്ടാമ്പി, മാമുക്കോയ, തുടങ്ങിയവാരണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന് ഈണം നല്ക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രണം നിര്‍വ്വഹിക്കുന്നത്. സെപ്റ്റംബര്‍ 20 ന് മൈസൂരില്‍ സിനിമയൂടെ ഷൂട്ടിങ് ആരംഭിക്കും. 13 വര്‍ഷത്തിന് ശേഷമാണ് അദിതി മലയാളത്തിലേക്ക് മടങ്ങിവരുന്നത്. ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും നായകന്മാരായ വന്‍ ഹിറ്റായ പത്മാവതില്‍ ദീപികാ പദുക്കോണിനൊപ്പം മറ്റൊരു വേഷത്തില്‍ അദിതി എത്തിയിരുന്നു.






