
ന്യൂഡല്‍ഹി : കഴിഞ്ഞ വര്‍ഷം ആപ്പിള്‍ അവതരിപ്പിച്ച ആപ്പിള്‍ വാച്ചിലെ ഇസിജി ആപ്ലിക്കേഷനും ഇറെഗുലര്‍ റിതം നോട്ടിഫിക്കേഷന്‍ ഫീച്ചറും ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. വാച്ച് കൈയ്യില്‍ ധരിച്ച് വാച്ചിന്റെ വലതുവശത്തുള്ള ഡിജിറ്റല്‍ ക്രൗണില്‍ വിരല്‍ വെച്ചാല്‍ ഇസിജി ആപ്പിന് നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള വൈദ്യുത സിഗ്നലുകള്‍ തിരിച്ചറിയാനാകും.
ഡിജിറ്റല്‍ ക്രൗണില്‍ സ്ഥാപിച്ചിട്ടള്ള ഇലക്ട്രോഡുകളും, വാച്ചിന്റെ പിന്‍ഭാഗത്തുള്ള ബാക്ക് ക്രിസ്റ്റല്‍ ഇലക്ട്രോഡും ഒത്തുചേര്‍ന്നാണ് ഇത് സാധ്യമാക്കുന്നത്. അസ്വാഭാവികമായ ഹൃദയമിടിപ്പ് തിരിച്ചറിയാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈ വാച്ച് സഹായിക്കും. ഇസിജി പരിശോധന ദിവസേന ചെയ്യാന്‍ ആപ്പിള്‍ വാച്ചിലെ ഇസിജി ആപ്പിലൂടെ സാധിക്കും. ആപ്പിള്‍ വാച്ച് സീരീസ് 4നൊപ്പം അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യമായെത്തിയത്. അമേരിക്കയിലെ എഫ്ഡിഎ അനുമതിയോടെ അവതരിപ്പിച്ച ഈ സംവിധാനത്തിന് ആരോഗ്യ വിദഗ്ദരുടെ അംഗീകാരവും ലഭിച്ചിരുന്നു.
ഹൃദയ മിടിപ്പ് നിരീക്ഷിക്കാനും അവ രേഖപ്പെടുത്തിവെക്കാനും ഈ വാച്ചിലൂടെ സാധിക്കും. ഇങ്ങനെ ലഭിക്കുന്ന ഇസിജി റിപ്പോര്‍ട്ട് നിങ്ങളുടെ ഐഫോണിലേക്ക് പിഡിഎഫ് ആയി ലഭിക്കും. അത് പിന്നീട് ഒരു ഡോക്ടറെ സന്ദര്‍ശിക്കുമ്പോള്‍ നല്‍കാം. ആപ്പിള്‍ വാച്ച് സീരീസ് 4 ലും അതിന് ശേഷമുള്ള പതിപ്പിലും ലഭിക്കുന്ന വാച്ച് ഓഎസ് 6 അപ്ഡേറ്റിലാണ് ഇസിജി ഈ പുതിയ സൗകര്യങ്ങള്‍ കൂടിയെത്തുക.






