
ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരിയുടെ സൂപ്പർ കാറായ എഫ് എയ്റ്റ് ട്രിബ്യൂട്ടൊ ഇന്ത്യയിലുമെത്തുന്നു. ജനീവ മോട്ടോർ ഷോയിലാണ് ഫെറാരി ഇത് അനാവരണം ചെയ്തത്. അടുത്ത വർഷം ആദ്യത്തോടെ കാർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന; 4.02 കോടി രൂപ മുതലാവും കാറിന്റെ ഇന്ത്യയിലെ ഷോറൂം വില.
റിപ്പോർട്ട് പ്രകാരം മുൻ മോഡലുകൾക്കുള്ള ശ്രദ്ധാഞ്ജലിയെന്നതിന്റെ സൂചനയായാണു കാറിനു ‘ട്രിബ്യൂട്ടൊ’ എന്ന പേരു തിരഞ്ഞെടുത്തിരിക്കുന്നതും. ഫെറാരിയുടെ പഴയ ‘വി എയ്റ്റ് ബെർലിനെറ്റ’ മോഡലുകളോടുള്ള ആദരമെന്ന നിലയിലാണു കമ്പനി മധ്യത്തിൽ എൻജിൻ ഘടിപ്പിച്ച ഈ പുത്തൻ സൂപ്പർ കാർ പുറത്തിറക്കിയത്.
നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ ‘ട്രിബ്യൂട്ടൊ’ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണു ഫെറാരിയുടെ അവകാശവാദം; 200 കിലോമീറ്റർ വേഗത്തിലേക്കുള്ള കുതിപ്പിനു വേണ്ടി വരുന്നതാവട്ടെ വെറും 7.8 സെക്കൻഡും.
‘488’ സൂപ്പർ കാറിനെ അപേക്ഷിച്ച് 40 കിലോഗ്രാം ഭാരക്കുറവും ‘ട്രിബ്യൂട്ടൊ’യ്ക്കു ഫെറാരി ഉറപ്പു നൽകുന്നു. ‘488’ സൂപ്പർ കാറിനു കരുത്തേകിയിരുന്ന 3.9 ലീറ്റർ, ഇരട്ട ടർബോചാർജ്ഡ്, വി എയ്റ്റ് എൻജിൻ തന്നെയാണു ‘ട്രിബ്യൂട്ടൊ’യിലും ഒരുങ്ങുന്നത്. എന്നാൽ ‘എഫ് എയ്റ്റ് ട്രിബ്യൂട്ടൊ’യിലെത്തുമ്പോൾ ഈ എൻജിൻ 720 ബി എച്ച് പിയോളം കരുത്തും 770 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക.
മണിക്കൂറിൽ 340 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം; ഇതോടെ ഫെറാരി ശ്രേണിയിൽ മധ്യത്തിൽ ഘടിപ്പിച്ച എൻജിനോടെ ഏറ്റവും കൂടുതൽ വേഗം കൈവരിച്ച പ്രൊഡക്ഷൻ കാർ എന്ന പെരുമയും ‘ട്രിബ്യൂട്ടൊ’ സ്വന്തമാക്കുന്നു.






