
ശ്രുതി രാമചന്ദ്രന് ആര്‍ക്കിടെക്റ്റാണ്. അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയതെങ്കിലും ക്യാമറയുടെ മുന്നില്‍ കഥാപാത്രത്തിന്റെ മാസ്മരിക ഭാവങ്ങളിലൂടെ സഞ്ചരിക്കാന്‍ ശ്രുതിക്ക് നിമിഷങ്ങള്‍ മതി.
ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് ശ്രുതിയുടെ അരങ്ങേറ്റം. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ശ്രുതിയുടെ സ്വപ്നം ആര്ക്കിടെക്റ്റാവുക എന്നതായിരുന്നു.
എം.ആര്‍ക്ക് പൂര്‍ത്തിയാക്കിയ ശേഷം ആര്‍ക്കിടെക്ചര്‍ കോളേജില്‍ അധ്യാപികയായിരിക്കെയാണ് ശ്രുതി വീണ്ടും സിനിമയുടെ ഭാഗമായത്. രഞ്ജിത് ശങ്കറിന്റെ പ്രേതമായിരുന്നു ചിത്രം. മലയാളത്തിന് പുറമെ തെലുങ്കിലും തന്റേതായ സാന്നിധ്യം തെളിയിക്കാന്‍ ശ്രുതിക്ക് കഴിഞ്ഞു. പാലക്കാട്ട് പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലാണ് ശ്രുതിെയ കണ്ടത്.
പ്രേതത്തിനു ശേഷം ഇക്കുറി ജയസൂര്യയുടെ നായികയാണല്ലോ?
ജയസൂര്യയുടെ ഭാര്യയായാണഭിനയിക്കുന്നത്. കവിതയെന്നാണ് പേര്. രണ്ട് കുട്ടികളുടെ അമ്മയായ കവിതയെന്ന കഥാപാത്രം ശരിക്കും നല്ലൊരു എക്സ്പീരിയന്‍സ് തന്നെയാണ്.
ജയസൂര്യയുടെ നായികയായി എത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച്?
പ്രേതത്തിലാണ് ജയസൂര്യയോടൊപ്പം അഭിനയിച്ചത്. പ്രശോഭിന്റെ പുതിയ ചിത്രത്തിന്റെ കഥ എന്റെ ഭര്‍ത്താവ് ഫ്രാന്‍സിസ് എഴുതിയതാണ്. ഫ്രാന്‍സിസ് ജയസൂര്യയോട് കഥ പറഞ്ഞപ്പോള്‍ തന്നെ ജയസൂര്യയ്ക്ക് കഥ ഇഷ്ടമായി. അങ്ങനെയാണ് ഡേറ്റ് നല്‍കിയത്. സ്വാഭാവികമായും ജയസൂര്യയുടെ ഭാര്യ കവിതയെന്ന കഥാപാത്രമായി ഞാനും സിനിമയുടെ ഭാഗമാവുകയായിരുന്നു.
എന്‍ജിനീയറിങില്‍ നിന്നു സിനിമാ രംഗത്തേക്ക് കടന്നുവന്ന സാഹചര്യം?
പഠിക്കുമ്പോഴും നൃത്തപഠനത്തില്‍ ഞാന്‍ സജീവമായിരുന്നു. തുടക്കത്തില്‍ ഭരതനാട്യവും മോഹിനിയാട്ടവും ഗുരു ശ്യാമള സുരേന്ദ്രന്റെ കീഴിലായിരുന്നു. ഭരതനാട്യത്തില്‍ പ്രധാന ഗുരുനാഥയായ നാരായണി അനൂപാണ് എന്നില്‍ ഒരു അഭിനേത്രിയുണ്ടെന്ന് കണ്ടെത്തിയത്. ബന്ധുവായ സംവിധായകന് രഞ്ജിത്തിനോട് എന്റെ കാര്യം സൂചിപ്പിച്ചത് നാരായണി അനൂപായിരുന്നു. അങ്ങനെയാണ് ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായത്.
പ്രേതമായത് വെല്ലുവിളിയായിരുന്നോ?
ജയസൂര്യ മുഖാന്തരമാണ് രഞ്ജിത്ത് ശങ്കറിനെ കണ്ടത്. ക്ലാരയെന്ന പ്രേതമായി അവര്‍ എന്നെ സെലക്ട് ചെയ്തു. പ്രേതം പുറത്തിറങ്ങിയപ്പോള്‍ ക്ലാരയെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ കേട്ടു. വളരെ ബ്യൂട്ടിഫുളായ ക്യാരക്ടറെന്നാണ് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞത്. വളരെ ഫ്രീഡത്തോടെയാണ് ഞാന്‍ അഭിനയിച്ചത്. ശരിക്കുപറഞ്ഞാല്‍ ക്യാമറയുടെ മുന്നില്‍ എന്ജോയ് ചെയ്തഭിനയിച്ച കഥാപാത്രമാണ് ക്ലാര.
പ്രേതം കഴിഞ്ഞതോടെ സിനിമാഭിനയത്തില്‍ നിലയുറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നോ?
യഥാര്‍ത്ഥത്തില്‍ സിനിമ എന്റെ പ്രൊഫഷനല്ല. പ്രേതം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഫ്രാന്‍സിസാണ് സിനിമയില്‍ എന്തുകൊണ്ട് സജീവമായിക്കൂടായെന്ന് ചോദിച്ചത്. സിനിമയെ ഗൗരവത്തോടെ കാണുന്ന ഫ്രാന്‍സിസ് ഇങ്ങനൊരഭിപ്രായം പറഞ്ഞപ്പോഴാണ് അഭിനയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായത്. പിന്നെ സിനിമാഭിനയത്തില്‍ ശ്രദ്ധ വര്‍ധിപ്പിക്കുകയായിരുന്നു.
ശ്രുതിയുടെ ചിത്രങ്ങളെക്കുറിച്ച്?
സണ്‍ഡേ ഹോളിഡേയില്‍ നായകനായ ആസിഫ് അലിയെ തേച്ചിട്ട് പോവുന്ന പെണ്‍കുട്ടിയായാണ് അഭിനയിച്ചത്. ചാണക്യതന്ത്രമെന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായിരുന്നു. വിനയ് ഫോര്‍ട്ടിന്റെ നോണ്‍സെന്‍സ് എന്ന ചിത്രത്തില്‍ അധ്യാപികയുടെ വേഷമായിരുന്നു.
മറ്റു ഭാഷാചിത്രങ്ങളിലും സജീവമാണല്ലോ?
അതെ, മറ്റ് ഭാഷകളില്‍ നിന്നു ധാരാളം ഓഫറുകള്‍ വരാറുണ്ട്. നല്ല കഥാപാത്രമാണെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. തമിഴില്‍ വെബ്ബ് സീരിയലായ ഡോള്‍ ഹൗസില്‍ അഭിനയിച്ചു. തെലുങ്കില്‍ വിജയ് ദേവരയുടെ നായികയായി ഡിയര്‍ കോമ്രേഡില്‍ അഭിനയിച്ചു. ഏത് ഭാഷയായാലും അനായാസമായി അഭിനയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്.
അപ്രതീക്ഷിതമായി സിനിമയിലെത്തിയ അഭിനേത്രിയാണ്. ഭര്‍ത്താവിനോടൊപ്പം അച്ഛനും അമ്മയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ?
തീര്‍ച്ചയായും. എന്റെ വഴി തരഞ്ഞെടുക്കുന്നതില് വളരെ സന്തോഷിക്കുന്നവരാണ് എന്റെ മാതാപിതാക്കള്‍. ഞാനൊരു ആര്ക്കിടെക്റ്റായതുകൊണ്ട് സിനിമയില്ലെങ്കിലും ജീവിക്കാന്‍ കഴിയും. സിനിമയില്‍ പരസ്യകലാരംഗത്ത് ശ്രദ്ധേയനായിരുന്ന എസ്.എ.നായര്‍ എന്റെ അമ്മയുടെ അച്ഛനാണ്. മലയാളത്തില്‍ നുറിലധികം സിനിമകളില്‍ പരസ്യകല നിര്‍വ്വഹിച്ചു. അപ്പൂപ്പന്റെ പാരമ്പര്യവും എന്നിലുണ്ട്. അപ്പൂപ്പന് ഡിസൈന്‍ ചെയ്ത പോസ്റ്ററുകളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് ചെമ്മീനിലെ കടപ്പുറത്തെ സീനാണ്.
കുടുംബം?
അച്ഛന് രാമചന്ദ്രന് കൊച്ചിയില്‍ ജി-ടെക് എന്ന കമ്പനി നടത്തുന്നു. അമ്മ ഗീതാരാമചന്ദ്രന്‍. ചെറുപ്പം മുതല്ക്കേ നൃത്തത്തോട് എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു. കൊച്ചി ചോയ്സ് സ്കൂളിലാണ് ഞാന്‍ പഠിച്ചത്. പിന്നീട് മൈസൂരിലെ യു.എസ്.സി.കോളജില്‍ ചേര്‍ന്നു. പഠനം കഴിഞ്ഞ് ചെന്നൈയിലും മുംബൈയിലും ജോലി ചെയ്തു. സ്പെയ്നില്‍ പോയി ആര്‍ക്കിടെക്ചറില്‍ പോസ്റ്റ് ഗ്രാജുവേഷന് പൂര്‍ത്തിയാക്കി. പഠനശേഷം കൊച്ചിയിലെത്തി ആസാദി ആര്‍ക്കിടെക്ച്ചര്‍ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് സിനിമയി
ലേക്ക് കടന്നുവന്നത്.
ഇനിയുള്ള ആഗ്രഹം?
ഞാനിപ്പോള്‍ സിനിമാഭിനയത്തില്‍ സജീവമാവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏത് റോള്‍ ലഭിച്ചാലും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ക്യാരക്ടര്‍ റോളുകള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സംവിധായകര്‍ അതിനുള്ള അവസരം നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഭര്‍ത്താവിന്റെ പിന്തുണ
സിനിമാഭിനയത്തില്‍ എനിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുന്നത് ഭര്‍ത്താവ് ഫ്രാന്‍സിസാണ്. ചെന്നൈയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കാനെത്തിയപ്പോഴാണ് ഫ്രാന്‍സിസിനെ കണ്ടുമുട്ടിത്. 10 വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. ഫ്രാന്‍സിസ് കഥയെഴുതിയാല്‍ ആദ്യം വയിക്കുന്നത് ഞാനാണ്. നിരവധി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത ഫ്രാന്‍സിസ് സിനിമയില്‍ തിരക്കഥാരംഗത്ത് സജീവമാവുകയാണ്. ഇപ്പോള്‍ കൊച്ചിയില്‍ മൈത്രി അഡ്വര്‍ടൈസിംഗ് എന്ന സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഹെഡാണ്. ഭര്‍ത്താവിന്റെ പിന്തുണയാണ് സിനിമയില്‍ എന്നെ നിലനിര്‍ത്തുന്നത്.
എം.എസ്.ദാസ് മാട്ടുമന്ത
ജി. വിപിന്‍കുമാര്‍
രതീഷ് കരിമ്പനയ്ക്കല്‍