
ടിവിഎസ് മോട്ടോര്‍ കമ്പനി യുഎഇയില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അല്‍ യൂസഫ് എന്ന പുതിയ വിതരണക്കാരെ നിയമിച്ചു. കൂടാതെ, ദുബായിലെ ഷെയ്ഖ് സായിദ് പാതയോരത്ത് 2,700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഷോറൂം തുറക്കുകയും ചെയ്തു.
വില്പ്പനയോടൊപ്പം, സ്പെയര്‍ പാര്‍ട്ടുകളും സര്‍വീസ് സൗകര്യങ്ങളും ഡീലര്‍ഷിപ്പില്‍ ലഭ്യമായിരിക്കും. കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളും പ്രീമിയം ബൈക്കുകളും യുഎഇയില്‍ വില്‍ക്കുമെന്നാണ് റിപ്പോർട്ട്.
ടിവിഎസ് മോട്ടോര്‍ കമ്പനിയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ യൂസഫ് എല്‍എല്‍സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് അല്‍ യൂസഫ് പറഞ്ഞു.
യുഎഇ വിപണിയില്‍ അല്‍ യൂസഫുമായി സഹകരിക്കുന്നതില്‍ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്റര്‍നാഷണല്‍ ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര് ദിലീപ് പറഞ്ഞു. ഇവിടെ എല്ലാ സെഗ്മെന്റുകളിലെയും മോഡലുകള്‍ വില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ടിവിഎസ് ജൂപ്പിറ്റര്‍, ടിവിഎസ് എന്‍ടോര്‍ക്ക് 125, ടിവിഎസ് വീഗോ സ്കൂട്ടറുകൾ യുഎഇ വിപണിയില്‍ അവതരിപ്പിക്കും. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310, അപ്പാച്ചെ ആര്ടിആര് 200 4വി, ആര്ടിആര് 160 4വി, ആര്ടിആര് 180 റേസ് എഡിഷന് തുടങ്ങിയ മോഡലുകള്‍ യുഎഇയില്‍ വില്‍ക്കും.
എച്ച്എല്‍എക്സ് 150, എച്ച്എല്‍എക്സ് 125 മോട്ടോര്‍സൈക്കിളുകളും വില്‍ക്കും. ആഗോളതലത്തില്‍ ഇതിനകം പത്ത് ലക്ഷത്തിലധികം എച്ച്എല്‍എക്സ് സീരീസ് ബൈക്കുകള്‍ ടിവിഎസ് വിറ്റിരുന്നു.






