
മാരുതി സുസുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ പെർഫോമൻസ് പതിപ്പായ ആർഎസ് ഇപ്പോള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം.
റിപ്പോർട്ട് പ്രകാരം ഒരുലക്ഷം രൂപയോളമാണ് വാഹനത്തിന്റെ വില കമ്പനി വെട്ടിക്കുറച്ചത്. ബലേനോ എന്ന സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 1.30 ലക്ഷം രൂപ കൂടുതലാണ് ആര്‍എസ് പതിപ്പിന്റെ വില. വിലക്കിഴിവനുസരിച്ച് 7.89 ലക്ഷം രൂപ മുതലാണു വാഹനത്തിന്റെ പുതിയ ദില്ലി ഷോറൂം വില.
2017 ലാണ് മാരുതി സുസുകി ബലേനോ ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ അതിവേഗ പതിപ്പാണ് ബലേനോ ആര്‍എസ്. ബലേനോ ആര്‍എസ് പതിപ്പിന്റെ നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.
കൂടുതല്‍ സ്പോര്‍ട്ടി ഡിസൈനിലുള്ളതാണ് മുന്‍, പിന് ബംപറുകള്‍. ബലേനോ ആര്‍എസ് കാറിന് കരുത്തേകുന്നത് 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് . ഈ മോട്ടോര്‍ 101 എച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ഉപയോഗിക്കുന്നത്.
മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ട്രോളുകള്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പ്രൊജക്റ്റര്‍ ഹെഡ്ലാംപുകള്, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഫീച്ചറുകളാണ്.






