
ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വേരിയന്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. രാജ്യത്തെ നിസാന്‍, ഡാറ്റ്സണ്‍ ഡീലര്‍ഷിപ്പുകളില്‍ പ്രീ-ബുക്കിംഗ് നടത്താം. രണ്ട് മോഡലുകളുടെയും സിവിടി വേരിയന്റുകള്‍ എപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല. ഒക്ടോബര്‍ ആദ്യ വാരം വിപണിയിലെത്തുമെന്നാണ് സൂചന.
റിപ്പോർട്ട് പ്രകാരം ഗോ, ഗോ പ്ലസ് മോഡലുകളുടെ ടി, ടി(ഒ) എന്നീ ടോപ് വേരിയന്റുകളില്‍ മാത്രമായിരിക്കും സിവിടി ഓപ്ഷന് നല്‍കുന്നത്. ടി, ടി(ഒ) മാന്വല്‍ വേരിയന്റുകളേക്കാള്‍ ഏകദേശം 50,000 രൂപ അധികം വില വരും. ഇരു കാറുകള്‍ക്കും കൂട്ടിയിടി പരിശോധനകളില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ കഴിയും. സെഗ്മെന്റില്‍ ഇതാദ്യമായി വെഹിക്കിള്‍ ഡൈനാമിക് കണ്ട്രോള് (വിഡിസി) സവിശേഷതയായിരിക്കും.
ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവ സഹിതം എബിഎസ്, എന്ജിന് ഇമ്മൊബിലൈസര്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫോളോ മീ ഹോം ഹെഡ്ലാംപുകള്, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്കുകള്‍ എന്നിവയായിരിക്കും മറ്റ് സുരക്ഷാ ഫീച്ചറുകള്‍. രണ്ട് കാറുകള്‍ക്കും നിലവിലെ അതേ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് തുടര്‍ന്നും കരുത്തേകുന്നത്. ഈ മോട്ടോര്‍ 67 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നിലവില്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് മാത്രമാണ് ട്രാന്സ്മിഷന് ഓപ്ഷന്.






