
'ആമി'യ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രണയമീനുകളുടെ കടല്‍'. ഇപ്പോഴിതാ മേക്കിങ് വീഡിയോ കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമായി വരുന്ന ചിത്രമാണിത്.
ലക്ഷദ്വീപില്‍ ചിത്രീകരിച്ച രംഗങ്ങളാണ് വിഡിയോയില്‍ കാണാനാകുക. മനോഹരമായ അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് 'പ്രണയമീനുകളുടെ കടല്‍'. നേരത്തെ പുറത്തു വന്ന ടീസറില്‍ സ്രാവുമായി മല്ലിടുന്ന വിനായകനെ കണ്ടിരുന്നു. വളരെ സാഹസികമായാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
തൊട്ടപ്പന് ശേഷം വിനായകന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രവുമാണിത്.
സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന് പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.






