
ഹൃദ്രോഗത്തെ നിയന്ത്രിക്കാന്‍ ഹൃദയാരോഗ്യത്തെക്കുറിച്ച് ശരിയായ അറിവാണ് വേണ്ടത്. മുന്‍കൂട്ടിയുള്ള പരിശോധനയിലൂടെയും ചികിത്സയിലൂടെയും ഹൃദ്രോഗത്തിന്റെ അപകട സാധ്യത കുറയ്ക്കാനാവും.
ഹൃദ്രോഗം പിടിപെടാന്‍ സാധ്യത ആര്‍ക്കൊക്കെയാണ്?
ചില പ്രത്യേക അസുഖങ്ങള്‍ മൂലവും ദുശീലങ്ങള്‍ വഴിയും പാരമ്പര്യം വഴിയും ഹൃദയധമനികളില്‍ തടസം വരാം. ഇങ്ങനെ തടസമുണ്ടാകുന്ന ഘടകങ്ങളെ അപായഘടകങ്ങള്‍ എന്നു പറയുന്നു. അവ മാറ്റം വരുത്താന്‍ പറ്റുന്നവ, മാറ്റം വരുത്താന്‍ സാധിക്കാത്തവ എന്നിങ്ങനെ രണ്ടായി തിരിക്കാം. പുകവലി, പ്രമേഹം, രക്തത്തിലെ അമിത കൊഴുപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദം, വ്യായാമമില്ലായ്മ, അമിത വണ്ണം, മാനസിക സംഘര്‍ഷം തുടങ്ങിയവ മാറ്റം വരുത്താവുന്ന അപായഘടകങ്ങളില്പ്പെടുന്നു. പാരമ്പര്യം, പ്രായം, ലിംഗവ്യത്യാസം എന്നിവയുമായി ബന്ധപ്പെട്ടുള്ള തകരാറുകള്‍ എന്നിവ മാറ്റം വരുത്താനാവാത്ത അപായഘടകങ്ങളാണ്. ഒന്നിലധികം അപായ ഘടകങ്ങള്‍ ഒരു വ്യക്തിയില്‍ കാണുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകാനും മരണംസംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്.
ഹൃദ്രോഗ സാധ്യത മുന്‍കൂട്ടി അറിയാന്‍ എന്താണ് മാര്‍ഗം?
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയേക്കാള്‍ ഹൃദ്രോഗ സാധ്യത കൂടുതലുണ്ടോ എന്നറിയാന്‍ ആ വ്യക്തിക്ക് എത്ര അപായഘടകങ്ങള്‍ ഉണ്ടെന്ന് അറിയണം. അഞ്ച് അപായ ഘടകങ്ങള്‍ ഉള്ള വ്യക്തിക്ക് ഒരു അപായഘടകവും ഇല്ലാത്ത വ്യക്തിയേക്കാള്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതുകൊണ്ട് എത്ര അപായഘടകങ്ങള്‍ ഉണ്ടെന്ന് മനസിലാക്കി നിയന്ത്രിക്കണം. ചില പഠനങ്ങള്‍ അനുസരിച്ച് കഷണ്ടി, കണ്ണിനു ചുറ്റുമുള്ള മഞ്ഞ പാടുകള്‍, ലൈംഗിക താല്പര്യം കുറയുക എന്നീ ലക്ഷണങ്ങള്‍ ഹൃദ്രോഗ സാധ്യതയാണ് കാണിക്കുന്നതെന്നാണ്. അതിനാല്‍ ഇവര്‍ ഇടയ്ക്ക് പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്.
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
നെഞ്ചില്‍ അനുഭവപ്പെടുന്ന അസ്വസ്ഥത, ഭാരം കയറ്റിവച്ചതുപോലുള്ള അനുഭവം, നെഞ്ചു പൊട്ടിപ്പോകുന്ന തോന്നല്‍, നെഞ്ചുവേദന, നെഞ്ചിന്റെ അകം വീര്‍ക്കുന്നതുപോലെ അനുഭവപ്പെടുക, വായു നിറയുന്നതുപോലെ ബുദ്ധിമുട്ടുകള്‍ എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷങ്ങളായി കണക്കാക്കാം. ഹൃദയം നെഞ്ചിന്റെ ഇടതുഭാഗത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും ഹൃദയാഘാത വേദന സാധാരണ നെഞ്ചിന്റെ മധ്യഭാഗത്താണ് അനുഭവപ്പെടുന്നത്. അതിനാലാണ് പലരും ഹൃദയാഘാതമുണ്ടാകുമ്പോള്‍ ഗ്യാസ്ട്രബിളാണെന്ന് തെറ്റിദ്ധരിക്കുകയും ചികിത്സ വൈകുകയും ചെയ്യുന്നത്. ഈ ബുദ്ധിമുട്ട് നെഞ്ചില്‍ മുഴുവനായോ, ഏതെങ്കിലും ഒരുവശത്ത് മാത്രമായോ അനുഭവപ്പെടാം. പ്രായമായവര്‍ക്കും പ്രമേഹ രോഗികള്‍ക്കും നെഞ്ചുവേദനയില്ലാതെ ക്ഷീണമോ, അകാരണമായ വിയര്‍പ്പോ പെട്ടെന്നുള്ള ശ്വാസം മുട്ടലോ ആയി വരാം.
പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍ ഹൃദ്രോഗം ഒഴിവാക്കാന്‍ എന്തെല്ലാം മുന്കരുതലകളെടുക്കണം?
നാല്‍പ്പത് വയസ് കഴിഞ്ഞാല്‍ കാര്‍ഡിയോവസ്കുലാര്‍ റിസ്ക് ടെസ്റ്റിന് വിധേമാകണം. പരിശോധനയില്‍ ഇരുപത് ശതമാനത്തിലേറെ രോഗസാധ്യത തെളിഞ്ഞാല്‍ ജീവിത രീതിയില്‍ മാറ്റം വരുത്തുകയും അത്യാവശ്യം വേണ്ട മരുന്നുകള്‍ കഴിക്കുകയും വേണം. സ്റ്റാറ്റിന് ഗുളിക ഹൃദയ രക്തധമനികളില്‍ ബ്ലോക്കുണ്ടാകുന്നത് തടയാന്‍ സഹായിക്കും. കൊളസ്ട്രോള്‍ കുറവുള്ള വ്യക്തികള്‍ക്കും ഈ മരുന്ന് പ്രയോജനം ചെയ്യും. ചെറിയ അളവില്‍ ആസ്പിരിനും ഗുണപ്രദമാണ്. ഇതിനു പുറമേ, ആപത്ഘടകങ്ങള്‍ നിയന്ത്രിക്കണം. പതിവായ വ്യായാമം, നല്ല ഭക്ഷണരീതി ഇവ ശീലമാക്കുക. പൊണ്ണത്തടിയുള്ളവര്‍ കുറയ്ക്കാനും ശ്രദ്ധിക്കുക.
പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണോ?
പ്രമേഹ രോഗികള്‍ക്ക് ഹൃദ്രോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 3 മുതല്‍ 5 ഇരട്ടിവരെ അധികമാണ്. രക്തത്തില്‍ അമിതമായി ഗ്ലൂക്കോസുള്ള അവസ്ഥയാണ് പ്രമേഹം. ഗ്ലൂക്കോസ് ശരീരത്തിന് ആവശ്യമാണെങ്കിലും അധികമായാല്‍ പ്രശ്നമാകും. ഭക്ഷണത്തിലെ ഗ്ലൂക്കോസ് പേശികളിലെത്തിക്കുന്നത് ഇന്‍സുലിന്‍ ഹോര്‍മോണാണ്. പ്രമേഹരോഗികളില്‍ ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ കുറയുന്നു. അതിനാല്‍ ഗ്ലൂക്കോസ് പേശികളില്‍ എത്തിച്ചേരാതെ രക്തത്തില്‍ അമിത അളവില്‍ കലരുന്നു. ഈ ഗ്ലൂക്കോസ് ശരീരത്തിലെ എന്‍ഡോതീലിയത്തിന് ക്ഷതം വരുത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടിയ അവിടെ തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.
അതുപോലെ പ്രമേഹമുള്ളവര്‍ക്ക് കൊളസ്ട്രോളിന്റെ അളവില്‍ സാരമായ വ്യതിയാനം ഉണ്ടാകും. ശരീരത്തില്‍ അധിക ഗ്ലൂക്കോസ് കൊഴുപ്പായി മാറ്റപ്പെടുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹരോഗികള്‍ കൃത്യമായ വൈദ്യപരിശോധന നടത്തുകയും ഹൃദ്രോഗ സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തി ജീവിക്കുകയും വേണം.
പുകവലിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടതലാണോ?
ഹൃദയാഘാതത്തിന്റെ അപായഘടകങ്ങളില്‍ പ്രഥമ സ്ഥാനമാണ് പുകവലിക്ക്. പുകവലിക്കുന്ന വ്യക്തിക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത പുകവലിക്കാത്ത വ്യക്തിയേക്കാള്‍ എട്ടു മടങ്ങ് കൂടുതലാണ്. പുകവലിക്കുന്ന വ്യക്തിക്കും സമീപം ഈ പുക ശ്വസിക്കുന്ന വ്യക്തിക്കും ഇത് ബാധകമാണ്. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിനും മറ്റ് രാസവസ്തുക്കളും രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കൂടുന്നു. ടോക്സീന് ഹൃദയധമനികളിലുള്ള എന്‍ഡോതീലിയത്തെ ക്ഷതപ്പെടുത്തുന്നു. എന്‍ഡോതീലിയത്തിന് ക്ഷതം സംഭവിച്ചാല്‍ അവിടെ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടി തടസം ഉണ്ടാകും. ഇത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു.
മദ്യപാനം ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പറയുന്നത് ശരിയാണോ?
പ്രായമായ വ്യക്തികളില്‍ മിതമായ മദ്യപാനം ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രിയ പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ മദ്യപാനം കാരണം മറ്റ് അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്. ഹൃദയത്തിന്റെ പമ്പിംഗ് കുറഞ്ഞ് ഹൃദയപരാജയം സംഭവിക്കുക, ഹൃദയത്തിന്റെ പമ്പിംഗ് ദുര്‍ബലമായവര്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മദ്യപാനം കാരണമാകും. അതിനാല്‍ മദ്യപാനം ഹൃദയത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുക.