
മാരുതി സുസുകി എസ്-പ്രെസോ മിനി എസ്യുവിയുടെ ഔദ്യോഗിക ആക്സസറികള്‍ പ്രഖ്യാപിച്ചു. എനര്‍ജറ്റിക്, എക്സ്പെഡിഷന് എന്നീ രണ്ട് തരം പാക്കേജുകളായാണ് ആക്സസറികള്‍ ലഭ്യമാക്കുന്നത്. നികുതികളും ജീവനക്കാരുടെ കൂലിയും വേറെ നല്‍കണമെന്നാണ് സൂചന. മാരുതി സുസുകി ഡീലര്‍ഷിപ്പുകളില്‍ ലഭിക്കും.
എനര്‍ജറ്റിക് പാക്കേജിന് വില 27,490 രൂപയാണ്. ഓറഞ്ച് നിറത്തിലുള്ള ബംപര്‍ ബെസല്‍ ഗാര്‍ണിഷ്, മുന്നിലെയും പിന്നിലെയും സ്കിഡ് പ്ലേറ്റ്, ഓറഞ്ച് നിറത്തിലുള്ള ബോഡി സൈഡ് മൗള്‍ഡിംഗ്, ഓറഞ്ച് റിയര്‍ സ്പോയ്ലര് എന്നിവയാണ് എനര്‍ജറ്റിക് പാക്കേജിന്റെ ഭാഗമായി ലഭിക്കുന്നത്. ഓറഞ്ച് ലൈനുകളോടെ സീറ്റ് കവറുകള്‍, ഡിസൈനര്‍ മാറ്റ്, ടിഷ്യൂ ബോക്സ്, ഗ്രൂവ് ബൂട്ട്, സ്റ്റിയറിംഗ് വീല്‍ കവര്‍, സൈഡ് സ്കിഡ് പ്ലേറ്റുകള്‍, നമ്പര്‍ പ്ലേറ്റ് ഗാര്‍ണിഷ്, കുഷ്യനുകള്‍ എന്നിവയും ലഭ്യമാണ്.
എക്സ്പെഡിഷന് പാക്കേജിന് വില 26,490 രൂപയാണ്. ഡോറുകളിലും വീല്‍ ആര്‍ച്ചുകളിലും ക്ലാഡിംഗ്, മുന്നിലെയും പിന്നിലെയും സ്കിഡ് പ്ലേറ്റ്, ഡോര്‍ വൈസറുകള്‍, നമ്പര്‍ പ്ലേറ്റ് ഗാര്‍ണിഷ്, ഫയര്‍ റെഡ് നിറത്തിലുള്ള കുഷ്യനുകള്‍, ബൂട്ട് മാറ്റ്, ബാക്ക് ഡോര്‍ ഗാര്‍ണിഷ് തുടങ്ങിയവയാണ് ലഭിക്കുന്നത്. സീറ്റ് കവറുകളും ചുവപ്പ് നിറത്തിലായിരിക്കും.
റിയര്‍ വ്യൂ കാമറ, പാര്‍ക്കിംഗ് സെന്‍സര്‍ ഡിസ്പ്ലേ, മഡ് ഫ്ളാപ്പുകള്, ബോഡി കവര്‍, 'പയനിയര്‍' ഇന്‍ഫൊടെയ്ന്‍മെന്റ്, പ്രത്യേക സീറ്റ് കവറുകള്‍ എന്നിവയും ലഭിക്കും. ആക്സസറികള്‍ ഓരോന്നായി വാങ്ങാനും കഴിയും. ബോഡി സൈഡ് മൗള്‍ഡിംഗ് 2,890 രൂപ, ഡോര്‍ വൈസര്‍ 1,090 രൂപ, ഡേടൈം റണ്ണിംഗ് ലാംപുകള്‍ 9,990 രൂപ, ഗ്രില്‍ ഗാര്‍ണിഷ് 1,490 രൂപ, 12 സ്പോക്ക് മെഷീന്‍ഡ് അലോയ് വീലുകള്‍ ഓരോന്നിനും 5,590 രൂപ, വിന്‍ഡോ ഫ്രെയിം കിറ്റ് 3,000 രൂപ എന്നിങ്ങനെയാണ് വില.






