
ഗോ ഹാച്ച്ബാക്കിന്റെയും ഗോ പ്ലസ് 7 സീറ്ററിന്റെയും വില വര്‍ധിപ്പിക്കുകയാണെന്ന് ഡാറ്റ്സണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇരു മോഡലുകളുടെയും സിവിടി വേരിയന്റുകള്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കേയാണ് വില വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ശതമാനം വില വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് കമ്പനി വിശദീകരിക്കുന്നു.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളും ഭാരത് ന്യൂ വെഹിക്കിള്‍സ് സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം മാനദണ്ഡങ്ങള്‍ പാലിക്കണം. കൂടാതെ, പുതിയ ക്രാഷ് ടെസ്റ്റ് നിബന്ധനകളും അനുസരിക്കണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുകൊണ്ടാകണം ഡാറ്റ്സണ്‍ മോഡലുകള്‍ക്ക് ഇപ്പോള്‍ വില വര്‍ധന പ്രഖ്യാപിച്ചത്. വില വര്‍ധിക്കുന്നതോടെ ഡാറ്റ്സണ്‍ ഗോ ഹാച്ച്ബാക്കിന് 3.48 ലക്ഷം മുതല്‍ 5.42 ലക്ഷം രൂപ വരെയായിരിക്കും ഡെല്‍ഹി എക്സ് ഷോറൂം വില. എന്നാൽ, ഗോ പ്ലസ് മോഡലിന്റെ വില 4.05 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയായി വര്‍ധിക്കും.
1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് കരുത്തേകുന്നത്. 68 എച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഈ എൻജിൻ. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വൈകാതെ നല്‍കും.






