മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ് അറസ്റ്റില്‍. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. ബാങ്കില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിരുന്നതായി ജോയ് മാത്യു ഇക്കഴിഞ്ഞ മാസം അന്വേഷണ സംഘത്തോട് സമതിച്ചിരുന്നു.
ജസ്ബീര്‍ സിംഗ് മാട്ട എന്നയാള്‍ നല്കിയ പരാതിയിലാണ് പി.എം.സി ബാങ്കിലെ തട്ടിപ്പില്‍ മുംബെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കടബാധ്യതയിലായ ഹൗസിംഗ് ഡവലപ്പ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (എച്ച്.ഡി.ഐ.എല്‍) മുന്‍ വായ്പയുടെ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടും വീണ്ടും വന്‍ തോതില്‍ വായ്പ നല്‍കിയെന്നാണ് കേസ്.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409 (വിശ്വാസ വഞ്ചന), 420 (വഞ്ചന), 465 (വ്യാജരേഖ ചമയ്ക്കല്‍), 466 (കോടതി, പബ്ലിക് രജിസ്റ്റര്‍ രേഖകളുടെ വ്യാജ പകര്‍പ്പ് സൃഷ്ടിക്കല്‍), 471 (വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.






