
മലയാളത്തില്‍ ആദ്യമായി നൂറുകോടി സ്വന്തമാക്കിയ സിനിമയെന്ന റെക്കോര്‍ഡ് 'പുലിമുരുകന്' സ്വന്തമാണ്. മോഹന്‍ലാല്‍ നായകനായ സിനിമ അങ്ങനെ മലയാള സിനിമാ ചരിത്രത്തിലും ഇടംപിടിച്ചിരുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. 150 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് പുലിമുരുകന്.
2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലമുരുകന് എന്ന വിജയ ചിത്രം കേരളത്തിലെ തീയറ്ററുകളിലെത്തിയത്. ഇന്ന് പുലിമുരുകന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ മറ്റൊരു വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം.
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് വീണ്ടും ഒരു ചിത്രം ഒരുക്കുന്നു. പുലിമുരുകന് ഒരുക്കിയ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായാണ് ടോമിച്ചന് മുളകുപാടത്തിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാം എന്നും ടോമിച്ചന് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
പുലിമുരുകന്റെ തിരക്കഥ ഒരുക്കിയിരുന്നത് ഉദയകൃഷ്ണയാണ്. ഷാദി കുമാറാണ് ഛായാഗ്രാഹണം. സാംജിത് മുഹമ്മദ് എഡിറ്റിംഗും ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരുന്നത്.






