
തമിഴ്റോക്കേര്‍സ് എന്ന പൈറസി വെബ്സൈറ്റിന്റെ പുതിയ ഇരയായി ഇപ്പോള്‍ തീയറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം 'ജോക്കര്‍'. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത് വോക്കീന്‍ ഫീനിക്സാണ്. ഒക്ടോബര്‍ രണ്ടാം തീയതിയാണ് ജോക്കര്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയത്.
റോബര്‍ട്ട് ഡി നീറോ, സാസീ ബീട്സ്, ഫ്രാന്‍സിസ് കന്രോയ് എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ധനുഷ് മഞ്ജ വാര്യര്‍ ചിത്രം 'അസുരനും' റിലീസ് ദിവസം തന്നെ ഇവര്‍ ചോര്‍ത്തിയിരുന്നു. ഇത് കൂടാതെ തെലുങ്ക് ചിത്രം 'സൈ റാ നരസിംഹ റെഡ്ഡി'യും തമിഴ്റോക്കേര്‍സ് ചോര്‍ത്തിയിട്ടുണ്ട്.
തമിഴ്റോക്കേര്സിന്റെ ഈ പ്രവൃത്തിയ്ക്കെതിരെ നടപടിയെടുക്കാനായി നിര്‍മ്മാതാക്കളും മറ്റ് സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതിയുടെ വിധിയും ഈ സൈറ്റിനെതിരെ നിലനില്‍ക്കുന്നുണ്ട്.
വ്യാജ സോഫ്റ്റ്വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.






