
റിവോള്‍ട്ട് RV300, RV400 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കുകളാണ്. റിപ്പോർട്ട് പ്രകാരം റിവോള്‍ട്ട് ഇന്റലികോര്പ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ.
ഈ സഹകരണത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. റിവോള്‍ട്ട് ബൈക്കുകള്‍ക്ക് സ്മാര്‍ട്ട് റൈഡിങ് അനുഭവം നല്‍കുന്നതിനായി കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണ് വോഡഫോണ്‍ ഐഡിയ അറിയിച്ചത്. ബൈക്കുകളില്‍ 4G കണക്ടിവിറ്റി വരുന്നതോടെ ജിയോ-ഫെന്‍സിങ്, ബൈക്ക് അവസാനമായി പാര്‍ക്ക് ചെയ്ത സ്ഥലം, ബൈക്കിനെ സംബന്ധിച്ച് തത്സമയ വിവരങ്ങള്‍ എന്നിവയെല്ലാം ലഭിക്കും. വോയിസ് സ്റ്റാര്‍ട്ട് സവിശേഷതയും ഉടന്‍ തന്നെ ഇലക്ട്രിക്ക് ബൈക്കുകളില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
അങ്ങനെ വോയിസ് കമാന്‍ഡിലൂടെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഉപഭോക്താവിന് സാധിക്കും. 2019 ഓഗസ്റ്റ് മാസത്തിലാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ ഇലക്ട്രിക്ക് ബൈക്കുകളെ വിപണിയില്‍ എത്തിച്ചത്. ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.






