
സൗബിന് ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ന്റെ ആദ്യ ടീസറെത്തി. റോബോര്‍ട്ട് പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് യു. കെ ആണ്.
റോബോട്ടിനെ പ്രതിപാതിച്ചുകൊണ്ട് തന്നെയാണ് ടീസറും. റോബോട്ട് അടുക്കളപ്പണി ചെയ്യുന്നതാണ് ടീസറില്‍. ചിത്രത്തിനായി സ്വന്തമായി രൂപകല്‍പ്പന ചെയ്തെടുത്ത റോബോര്‍ട്ടിനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സംവിധായകന് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ പ്രതിഫലത്തോളം തന്നെ റോബോട്ടിനായി ചെലവഴിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പ്രധാനപ്പെട്ട കുറച്ച് ഭാഗങ്ങള്‍ റഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിനേയും സുരാജിനേയും കൂടാതെ സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വസീര്‍ വിശ്വരൂപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം നവംബര്‍ എട്ടിനാണ് റിലീസിനൊരുങ്ങുന്നത്.






