
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രദര്‍ശനത്തിനെത്തിയ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രം തെലുങ്കിലേക്കും എത്തുകയാണെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ചിരഞ്ജീവിയാണ് തെലുങ്കില്‍ നായകനാവുക.
ചിരഞ്ജീവി ലൂസിഫറിന്റെ തെലുങ്ക് പകര്‍പ്പവകാശം വാങ്ങിയുരന്നു. ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാം ചരണിന്റെ രംഗസ്ഥലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് സുകുമാര്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
സൈ റാ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചിങ്ങിനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. പൃഥ്വിയ്ക്ക് ശേഷം ചിരഞ്ജീവിയും ലൂസിഫര്‍ തെലുങ്ക് റീമേക്കിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ലൂസിഫര്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും തെലുങ്ക് പതിപ്പില്‍ അഭിനയിക്കാന്‍ പൃഥ്വിരാജിനെ അഭിനയിക്കാന്‍ വിളിച്ചിരുന്നുവെന്നും താരം തുറന്ന് പറഞ്ഞിരുന്നു.
അതേസമയം ചിരഞ്ജീവി നായകനായി പ്രദര്‍ശനത്തിനെത്തിയ സെയ് റാ നരസിംഹ റെഡ്ഡി തീയറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിച്ചിരുന്നത്.






