
നടുവിരലിനും ചൂണ്ടുവിരലിനും ഇടയില്‍ കോര്‍ത്ത പുകയുന്ന ചുരുട്ട്. കൈത്തണ്ടയില്‍ ആടുന്ന കുരുശുമാല. ആറ് വര്‍ഷത്തിന് ശേഷമുളള ഒരു മടങ്ങി വരവിന്റെ സൂചനയാണിത്. മലയാളിക്ക് മാസ്സ് പടം എന്തെന്ന് പഠിപ്പിച്ച ആറാം തമ്പുരാന് സംവിധാനം ചെയ്ത ഷാജി കൈലാസും, കട്ട മാസ്സ് പടം ലൂസിഫര്‍ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന ഇളമുറ തമ്പുരാന് പൃഥിരാജും പങ്കുവച്ച പോസ്റ്റാണിത്.
പോസ്റ്റിന്റെ പിന്നാലെ ഏതായിരിക്കും പുതിയ ചിത്രമെന്ന പ്രവചനങ്ങളും ഊഹാപോഹങ്ങളും ശക്തമായി കഴിഞ്ഞു. പൃഥിരാജ് ചിത്രങ്ങളായ 'മെമ്മറീസ്', സെവന്ത് ഡേ' ഇവയിലേതെങ്കിലും ഒന്നിന്റെ രണ്ടാം ഭാഗമായിരിക്കുമെന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രവചനം. എന്നാല്‍ അതല്ല, ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം 'സിംഹാസന'ത്തിന്റെ രണ്ടാം ഭാഗമാവാനാണ് സാധ്യതയേറെ എന്നാണ് മറ്റൊരു കൂട്ടം ആരാധകരുടെ കണ്ടെത്തല്‍.
'സിനിമാ ദൈവങ്ങളെ അത് 'സാം അലക്സ് ആയിരിക്കണേ'....എന്നാണ് ചില ആരാധകരുടെ പ്രാര്‍ത്ഥന. ജീത്തു ജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ സിനിമയായ 'മെമ്മറീസി'ന്റെ രണ്ടാം ഭാഗമാണോ എന്നാണ് ആരാധകരില്‍ ചിലരുടെ ചോദ്യം. ചിത്രത്തിലെ സാം അലക്സ് എന്ന പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വരാന്‍ ഇതാര് പൂവളളി ഇന്ദൂചുഢനോ? തുടങ്ങിയ രസകരാമയ കമന്റുകളുമായി 'നരസിംഹം' ചിത്രത്തിന്റെ ആരാധകരും രംഗത്തുണ്ട്. ഏതാവും പുതിയ പൃഥിരാജ് ചിത്രം എന്നറിയാനുളള ആകാംക്ഷയിലാണ് ആരാധകര്‍.
'ബ്രദേഴ്സ് ഡേ' യാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ പൃഥിരാജ് ചിത്രം. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'ഡ്രൈവിംഗ് ലൈസന്‍സ്','അയ്യപ്പനും കോശിയും', ബ്ലെസ്സിയുടെ 'ആടുജീവിതം','കാളിയന്', അയ്യപ്പന്' തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥിയുടേതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'ഏമ്പുരാന്റെ' പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.






