ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന് അഭിജിത്ത് ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യക്കാര്‍ തള്ളിയ ആശയമാണ് അഭിജിത്തിന്റേതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തുറന്നുകാട്ടി അഭിജിത്ത് മുഖര്‍ജി അഭിപ്രായ പ്രകടനം നടത്തിയതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.
നൊബേല്‍ സമ്മാനം നേടിയതില്‍ അഭിജിത് ബാനര്‍ജിയെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം. ഇടതു ചായ്വുള്ളതാണിത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ന്യായ് പദ്ധതിയെ ബാനര്‍ജി പ്രശംസിച്ചിട്ടുണ്ട്. ആ ചിന്തയെ ഇന്ത്യക്കാര്‍ തള്ളിക്കളഞ്ഞതാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.






