
ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജിയെ പരിഹസിച്ച് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. വിദേശിയായ രണ്ടാം ഭാര്യയുള്ളവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിക്കുന്നതെന്നായിരുന്നു രാഹുല്‍ സിന്‍ഹയുടെ വിവാദ പരിഹാസം. നൊബേല്‍ സമ്മാനം ലഭിക്കുന്നതിനുള്ള മാനദണ്ഡം വിദേശിയായ രണ്ടാം ഭാര്യയുണ്ടായിരിക്കണമെന്നതാണ്. നൊബേല്‍ ലഭിക്കുന്നതിനുള്ള ഡിഗ്രിയാണിതോയെന്ന് തനിക്കറിയില്ലെന്നും ബംഗാള്‍ മുന്‍ ബിജെപി പ്രസിഡന്റ് കൂടിയായ രാഹുല്‍ സിന്‍ഹ പറഞ്ഞു.
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ട ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജിയേയും ഫ്രഞ്ച് വംശജയായ ഭാര്യ എസ്തല് ദഫ്ളേയേയും ലക്ഷ്യമാക്കിയായിരുന്നു സിന്‍ഹയുടെ പരിഹാസം. ഇന്ത്യ തഴഞ്ഞ ഇടതുപാതയിലുടെ സാമ്പത്തിക ശാസ്ത്രം മുന്നോട്ടു കൊണ്ടുപോകാനാണ് അഭിജിത്തിനെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും സിന്‍ഹ പറഞ്ഞു. അഭിജിത്ത് ബാനര്‍ജിയുടെ ആശയത്തെ തള്ളി നേരശത്ത പീയുഷ് ഗോയലും രംഗത്തെത്തിയിരുന്നു. പീയുഷ് ഗോയല്‍ പറഞ്ഞത് ശരിയാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്രത്തിന്റെ അതിദേശീയ പ്രവണതയേയും സാമ്പത്തിക നയത്തേയും അഭിജിത് ബാനര്‍ജി വിമര്‍ശിച്ചിരുന്നു.
അതേസമയം പാര്‍ട്ടി നോക്കിയല്ല ജോലി ഏറ്റെടുക്കുന്നതെന്ന് നൊബേല്‍ പുരസ്കാരം പങ്കിട്ട അഭിജിത്-എസ്തര് ദമ്പതികള്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഭരിക്കുന്ന പാര്ട്ടികള്ക്കെുമൊപ്പമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ഗുജറാത്തിലാണെങ്കില്‍ അത് ബിജെപിയായിരിക്കും. ബംഗാളിലാണെങ്കില്‍ തൃണമുലും. ഏതെങ്കിലും ഒരു സഗസ്ഥാനം തിരഞ്ഞെടുത്തുള്ള പ്രവര്‍ത്തന രീതിയില്ല. ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടികളിലെ ആശയപരമായ വ്യത്യാസങ്ങളൊന്നും ബാധിക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
