
ന്യൂഡല്‍ഹി : ഇന്ത്യയുടെ ദീപാവലി മധുര പലഹാരങ്ങളും സമ്മാനങ്ങളും ഇത്തവണ സ്വീകരിക്കില്ലെന്ന് പാകിസ്ഥാന്. പാക് റേഞ്ചര്‍മാരും ഐ.എസ്.ഐയുമാണ് ദീപാവലി ദിനത്തിലെ മധുരപലഹാര കൈമാറ്റം വേണ്ടെന്ന് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അതിര്‍ത്തിയില്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് മധുരം സ്വീകരിക്കുന്നതില്‍ നിന്നും പാകിസ്ഥാനെ പിന്‍വലിപ്പിച്ചത്.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും ഈദ് ദിനത്തിലും ഇന്ത്യന്‍ സൈനീകരില്‍ നിന്നും പാക് റേഞ്ചര്‍മാര്‍ മധുരപലഹാരങ്ങള്‍ സ്വീകരിച്ചിരുന്നില്ല.
അതേസമയം, പാക് അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവ പതിവുപോലെ തുടരുന്നുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം രൂക്ഷമാണ്. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നും നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടരുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.






