
ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോനി സ്വന്തമാക്കിയ ഏറ്റവും പുതിയ വാനമാണ് നിസാന്‍ ജോങ്ക വണ്‍-ടണ്‍. ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന D4W73 സീരീസിലെ വണ്‍-ടണ്‍ മോഡല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ധോനി തന്റെ ഗാരേജിലെത്തിച്ചത്. അച്ഛന്റെ ഈ പുതിയ വാഹനം കഴുകി വൃത്തിയാക്കാന്‍ സഹായിക്കുന്ന മകള്‍ സിവ ധോനിയുടെ വിഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്‍സ്റ്റഗ്രാമിലൂടെ ധോനി തന്നയാണ് വിഡിയോ പങ്കുവെച്ചത്.
1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈനിക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച വാഹനാമണിത്. ആംബുലന്‍സായും സിഗ്നല്‍ വാഹനമായും റിക്കവറി വാഹനമായാണ് ഈ കരുത്തന് മോഡലിനെ സൈന്യം ഉപയോഗിച്ചിരുന്നത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി പഞ്ചാബില്‍ നിന്നാണ് വണ്‍-ടണ്‍ സ്വന്തമാക്കിയത്. 2016ല്‍ സൈന്യത്തില്‍ നിന്ന് ലേലത്തില്‍ വിറ്റഴിച്ച വണ്‍ ടണിന്റ രണ്ടാമത്തെ ഉടമയാണ് ധോനി.
20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനമാണിത്. 3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. വണ്‍ ടണ്ണിന് പുറമേ ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ, കവസാക്കി നിഞ്ച എച്ച്2, കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ്, ബിഎസ്എ, സുസുക്കി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ്, ജീപ്പ് ഗ്രാന്റ് ചെറോക്കി ട്രാക്കഹോക്ക് തുടങ്ങിയ നിരവധി വാഹനങ്ങളും ധോനിയുടെ വാഹന ശേഖരത്തിലെ അംഗങ്ങളാണ്.






