
കണ്ണൂര്‍: കണ്ണൂരില്‍ അതിശക്തമായ കാറ്റിനെ തുടര്‍ന്ന് ഓടുന്ന ബൈക്കിലേക്ക് മരം കടപുഴകി വീണ് യുവാവ് മരണപ്പെട്ടു. വാട്യാംതോട് സ്വദേശി ജെഫിന് മാത്യുവാണ്(30) മരണപ്പെട്ടത്. ഉളിക്കല്‍ ഇരട്ടി റോഡിലാണ് സംഭവം. ജെഫിന് ഓടിച്ചിരുന്ന ബൈക്കിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ജെഫിന് മരിച്ചു. മണിക്കടവ് സെന്റ് തോമസ് ദേവാലയത്തില്‍ മൃതദേഹം സംസ്കരിക്കും.
അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന് കണ്ണൂരിലും കാസര്ഗോടും കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമുണ്ടായി.
ശക്തമായ മഴയിലും കാറ്റിലും കാസര്‍കോട് ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നു വീണിരുന്നു. കൊളത്തൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ നടക്കുന്ന കലോത്സവ വേദിയും പന്തലുമാണ് തകര്‍ന്നത്. പരിപാടിയുടെ നടത്തിപ്പുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പന്തല്‍ വീഴുന്നതിന് തൊട്ടുമുന്‍പ് വേദിയിലുണ്ടായിരുന്നവര്‍ ഓടി മാറിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.






