
2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പാലേരിമാണിക്യത്തില്‍ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മൈഥിലിയെ തേടി നിരവധി അവസരങ്ങള്‍ എത്തി. എന്നാല്‍ കുറച്ചു നാളുകളായി താരം സിനിമയില്‍ നിന്ന് ചെറിയൊരിടവേള എടുത്തിരുന്നു. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണെന്നുള്ള സൂചനകള്‍ നല്‍കുകയാണ് താരം.
നടിയും അവതാരകയുമായ മീര നന്ദനോടൊപ്പം ഗോള്‍ഡ് എഫ് എമ്മില്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് മൈഥിലി. തന്റെ താല്പര്യം ഇപ്പോള്‍ സംവിധാനത്തിലാണെന്നും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ഇപ്പോഴെന്നുമാണ് മൈഥിലി പറയുന്നത്. '' ഒത്തിരി പടങ്ങള്‍ ചെയ്യുന്നതിനേക്കാളും നല്ല കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം. സിനിമയില്‍ വന്നതിന് ശേഷമാണ് സംവിധാനത്തില്‍ താല്പര്യം വന്നത്. ഭരതനാട്യം പഠിക്കുന്നുണ്ട്. മനസ്സിലെ ആശയങ്ങളൊക്കെ സ്ക്രീനിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.'' - മൈഥിലി പറഞ്ഞു.
ഒപ്പമുള്ള മീര നന്ദനെ കുറിച്ച് ചോദിച്ചപ്പോള്‍, മീര തന്റെ നല്ല സുഹൃത്താണെന്നും മീരയുടെ അമ്മയെ വലിയ ഇഷ്ടമാണെന്നും മൈഥിലി പറഞ്ഞു. മീരയുടെ അമ്മ ഭയങ്കര സ്വീറ്റാണെന്നും മീരയെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിച്ചാലോ എന്നാണ് ഇപ്പോഴത്തെ ആലോചനയെന്നും മൈഥിലി പറഞ്ഞു. എന്നാല്‍ അനാവശ്യ ചര്‍ച്ചകളൊന്നും ഇവിടേക്ക് കൊണ്ടുവരേണ്ടതില്ലെന്നായിരുന്നു വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മീര നന്ദന്റെ കമന്റ്. ട്രോളന്മാര്ക്ക് നമ്മള് കഥ കൊടുത്തിരിക്കുകയാണെന്നും തമാശയായി മൈഥിലി പറഞ്ഞു.






