തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം 48 മണിക്കൂര്‍ പിന്നിട്ടു. ഹൈഡ്രോളിക് സംവിധാനം വഴി കുട്ടിയെ പുറത്തെടുക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ മാറി സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമാമാണ് ഇപ്പോള്‍ നടക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടി കുഴല്‍ക്കിണറ്റില്‍ വീണത്. വീടിന് സമീപം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുഴല്‍ക്കിണറ്റില്‍ വീഴുകയായിരുന്നു. 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ 26 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് വീണു.
ഒ.എന്‍.ജി.സിയില്‍ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീന് ഉപയോഗിച്ചാണ് കുഴല്‍ക്കിണറിന് സമാന്തരമായ കുഴി എടുക്കുന്നത്. പുലര്‍ച്ചെ ആറ് മണി മുതലാണ് സമാന്തര കുഴി എടുക്കാനുള്ള ഡ്രില്ലിംഗ് തുടങ്ങിയത്. എന്നാല്‍ ഇത് പ്രായോഗികമായില്ലെങ്കില്‍ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് തമിഴ്നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.






