
പിന്നണി ഗായിക ജ്യോത്സനയുടെ മ്യൂസിക് ബാന്‍ഡ് ആയ 'ജെ നോട്ട്' ഒരുക്കുന്ന ആദ്യ ഗാനമായ 'പറന്നേ' പുറത്തിറങ്ങി. ജ്യോത്സന തന്നെ വരികളെഴുതി ഈണം പകര്‍ന്ന് ആലപിച്ച ഈ ഗാനം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗായിക പുറത്തിറക്കിയത്. 'എല്ലാവരും അവരവരുടെ ഉളളിലുളള കഴിവുകള്‍ തിരിച്ചറിഞ്ഞ് സ്വയം പറന്നുയരാന്‍ ശ്രമിക്കണം 'എന്ന മനോഹരമായ സന്ദേശം നല്കുന്ന ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു.
എന്‍സോ, കിങ്സുയി എന്നീ ജാപ്പാനീസ് ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്തിരിക്കുന്ന വീഡിയോ യുവാകള്‍ക്കിടയില്‍ ഹരമായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ പല രൂപഭാവങ്ങളിലും പ്രത്യക്ഷപ്പെടുന്ന ജ്യോത്സനയെ കണ്ട് ആരാധകരില്‍ ഒരാള്‍ പറഞ്ഞു ' ഇന്ന് രാവിലെ റേഡിയോയില്‍ കേട്ടിരുന്നു. വല്ലാത്ത ഒരു ഫീല്‍ ഉണ്ട്. പിന്നെ സംഭവം ശരിയാട്ടോ ആഞ്ജലീന ജോളിയെ പോലുണ്ട്'
അഗ്നിയില്‍ എരിഞ്ഞാലും അതില്‍ നിന്നൊക്കെ ഒരു ഫീനിക്സ് പക്ഷിയെപോലെ പറന്നുയരാന്‍ കഴിവുളളവരാണ് എല്ലാവരും എന്ന് ഗാനത്തിലൂടെ ഓര്‍മിപ്പിക്കുകയാണ് ഗായിക. യുവ പാട്ടെഴുത്തുകാരന് വിനായക് ശശികുമാറുമായി ചേര്‍ന്നാണ് ജ്യോത്സന ഗാനത്തിന് വരികളൊരുക്കിയത്. തന്റെ മ്യൂസിക് ബാന്‍ഡിന്റെ ആദ്യത്തെ വിഡിയോ ഗാനമാണിതെന്നും അതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും അതിലേറെ സന്തോഷിക്കുന്നുവെന്നും പറഞ്ഞ് ഗായിക ഫെയ്സ്ബുക്ക് ലൈവില്‍ വന്നിരുന്നു. എല്ലാവരും വിഡിയോ ഗാനം കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ജ്യോത്സന അഭ്യര്‍ഥിച്ചിരുന്നു.






