ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയ തമിഴ് ചിത്രങ്ങളില്‍ ഏറെ ഹൈപ്പിലെത്തിയ ചിത്രമാണ് വിജയ് നായകനായ ബിഗില്‍. സ്പോര്‍ട്സ് മോട്ടിവേഷന്‍ ചിത്രം എന്ന ലേബലിലാണ് എത്തിയതെങ്കിലും വെറും ഒരു സ്പോര്‍ട്സ് മോട്ടിവേഷന്‍ ചിത്രമല്ല ബിഗില്‍. പൊതുവെയുള്ള ക്ലീഷെ രക്ഷകന് വേഷങ്ങളില്‍ നിന്നും വിജയ് പുറത്തെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ദൈര്‍ഘ്യമേറിയ ചിത്രമാണ് ബിഗില്‍ എങ്കിലും ഒരു നിമിഷം പോലും പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല. യാതൊരു ലാഗും ഇല്ലാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ സംവിധായകന് നൂറ് ശതമാനവും വിജയം തന്നെയാണ്.
തെറിക്കും, മെര്‍സലിനും ശേഷം ആറ്റ്ലീ-വിജയ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം എന്നത് തന്നെയായിരുന്നു ബിഗിലിന്റെ പ്രധാന ആകര്‍ഷണം. പ്രഖ്യാപനം മുതല്‍ ചിത്രത്തിന്റേതായി പുറത്തെത്തിയ ഓരോ വാര്‍ത്തകളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ആദിമധ്യാന്തം ഒരു വിജയ് ഷോ തന്നെയാണ് ചിത്രം. രായപ്പന്, മൈക്കില്‍ രായപ്പന് അതായത് ബിഗില്‍ എന്നീ ഡബിള്‍ റോളുകളില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് വിജയ്. നയന്‍താരയാണ് ചിത്രത്തില്‍ വിജയുടെ നായികയായി എത്തുന്നത്. അറ്റ്ലിയുടെ കഥയ്ക്ക് അറ്റ്ലിയും എസ് രമണ ഗിരവാസവയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് കൃത്യമായി പറഞ്ഞാല്‍ വിജയ് ആരാധകര്‍ക്ക് ആര്‍പ്പ് വിളിക്കാന്‍ മാത്രമുള്ള നിരവധി സന്ദര്‍ഭങ്ങളാണ് സംവിധായകന് ചിത്രത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. വെറും ഒരു സ്പോര്‍ട്ട്സ് മോട്ടിവേഷന്‍ ചിത്രമല്ല ബിഗില്‍. അതിനപ്പുറം പ്രേക്ഷകുടെ മനസും കണ്ണും നിറയ്ക്കുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ വന്ന് പോകുന്നുണ്ട്. ലോക്കല്‍ റൗഡിയാണ് മൈക്കിള്‍. ഇതിനിടെ അപ്രതീക്ഷിതമായി മൈക്കിളിന് ജോലി ലഭിക്കുന്നു. തമിഴ്നാട് വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായിട്ടാണ് മൈക്കിളിന് ജോലി ലഭിക്കുന്നത്. ദേശീയ ജേതാക്കളാക്കാന്‍ അവരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. റൗഡിയായ ഒരാള്‍ വനിത ഫുട്ബോള്‍ ടീമിന്റെ പരിശീലകനാകുന്നതോടെയാണ് ബിഗിലിന്റെ ആരംഭം തന്നെ.
തമിഴ്നാട് ഫുട്ബോള്‍ ടീമിന്റെ മിന്നും താരമായ ബിഗില്‍ ഗുണ്ടയായി മാറാനുണ്ടായ സാഹചര്യം. അച്ഛനായ രായപ്പന്റെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന മകന്. രായപ്പനും ബിഗിലും സ്ക്രീനില്‍ എത്തുമ്പോള്‍ മുതല്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാവുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് വിജയ് ബിഗിലില്‍ എത്തുന്നത്. മാത്രമല്ല സ്വന്തം ടീമിനെ വെല്ലുവിളിച്ച് ഒറ്റയ്ക്ക് വിജയ് കളിക്കുന്ന രംഗങ്ങള്‍ ഏറെ കൈയ്യടി നേടുന്നുണ്ട്.
ചിത്രത്തില്‍ മലയാളികളായ ഐഎം വിജയനും റെബ മോണിക്ക ജോണുമുണ്ട്. ചെറുതെങ്കിലും റെബേക്കയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. വര്‍ഷ ബൊല്ലമ്മ, അമൃത ഇന്ദുജ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ അതി ഗംഭീരമാക്കി. കതിര്, വിവേക്, ജാക്കി ഷറോഫ്, യോഗി ബാബു എന്നിവരും നന്നായിട്ടുണ്ട്. ചിത്രത്തിലെ ഫുട്ബോള്‍ മത്സരങ്ങള്‍ അതി ഗംഭീരമായി അവതരിപ്പിക്കാന്‍ സംവിധായകനായിട്ടുണ്ട്. മാത്രമല്ല ഫുട്ബോളിലെ നിയമങ്ങള്‍ കൃത്യമായി ചിത്രത്തിലും ഉപയോഗിക്കാന്‍ സംവിധായകനായിട്ടുണ്ട്. മാത്രമല്ല വിജയ്-നയന്‍താര കോമ്പിനേഷനും ഏറെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. ഇരുവരുടെയും കെമിസ്ട്രി അതി ഗംഭീരമായിട്ടുണ്ട്.
വിജയ് ചിത്രമെങ്കിലും നയന്‍താരയുടെ കഥാപാത്രത്തിനും മികച്ച പ്രാധാന്യം നല്‍കിയിട്ടുണ്ട്. എ ആര് റഹ്മാന് ഒരുക്കിയ ഗാനങ്ങളും ഗംഭീരമാണ്. ഒന്നാം പാതിയിലെ വെറിത്തനം ഗാനവും രണ്ടാം പാതിയിലെ സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന സിങ്കപ്പെണ്ണേ എന്ന ഗാനവും വ്യത്യസ്തമായി. ചിത്രം രണ്ടാം പാതിയിലേക്ക് എത്തുമ്പോഴാണ് ഒരു സ്പോര്‍ട്സ് ഡ്രാമയായി മാറുന്നത്.
ആറ്റ്ലിക്ക് ഒപ്പമുള്ള വിജയ്യുടെ മൂന്നാം ചിത്രമാണിത്. 2013ല്‍ രാജാറാണി എന്ന ബ്ലോക്കബസ്റ്റര്‍ ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 2016ലാണ് പിന്നീട് ഒരു ചിത്രവുമായി ആറ്റ്ലി എത്തുന്നത്. അതും വിജയ്യ്ക്ക് ഒപ്പം. തെരി എന്ന ചിത്രം വന്‍ ഹിറ്റായി. തൊട്ടടുത്ത വര്‍ഷം വിജയ്യെ തന്ന കൂട്ടുപിടിച്ച് മെര്‍സല്‍ ഇറക്കി ഹിറ്റാക്കി. തുടര്‍ന്ന് ഇപ്പോള്‍ ബിഗിലുമായി ഇരുവരും എത്തിയിരിക്കുകയാണ്. മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന എല്ലാ മാസ് മസാല ചേരുവകളോടെയുമാണ് ചിത്രം എത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ വിജയ്യുടെ വെറിത്തനം തന്നെ.