
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിക്ക് സമീപം പോലീസ് നടത്തിയ റെയ്ഡില്‍ നാല്പ്പതില് അധികം തലയോട്ടികളും അസ്ഥികളും കണ്ടെത്തി. മയക്കുമരുന്ന് വ്യാപാരികളുടെ സങ്കേതം റെയ്ഡ് ചെയ്തപ്പോഴാണ് ഡസന്‍ കണക്കിന് ശരീരാസ്ഥികള്‍ കണ്ടെത്തിയത്. കൂടാതെ ഗ്ലാസ് ഭരണയില്‍ സൂക്ഷിച്ച നിലയില്‍ ഒരു ഭ്രൂണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തലയോട്ടികള്‍ കണ്ടെത്തിയത് ബലിപീഠത്തിനരികില്‍ അടുക്കി സൂക്ഷിച്ച നിലയിലായിരുന്നു. ബലിപീഠത്തിന് പിന്നില്‍ തലയില്‍ കൊമ്പുകളുള്ള മുഖം മൂടി കൊണ്ടലങ്കരിച്ച നിലയില്‍ ഒരു കുരിശും സ്ഥാപിച്ചിട്ടുണ്ട്. ബലിപീഠത്തിന് വലതുവശത്തുള്ള ഭിത്തിയില്‍ നിറയെ ചിഹ്നങ്ങളാണ്. മുകളില്‍ കൈകളുള്ള പിരമിഡ്, കൊമ്ബുകള്ക്കിടയില് ഷഡ്ഭുജാകൃതി വരച്ചു ചേര്‍ത്ത ആട്ടിന്‍തല, ആകാശ ഗോളങ്ങള്‍ ഇവയുള്‍പ്പെടെ അനവധി നിഗൂഢതകള്‍ നിറഞ്ഞ ചിഹ്നങ്ങളും ചിത്രങ്ങളും ഭിത്തിയിലുള്പ്പെടുന്നു.
പലതരം കത്തികള്‍, നാല്‍പ്പത് താടിയെല്ലുകള്‍, മുപ്പതിലധികം അസ്ഥികള്‍ എന്നിവയാണ് ഇവിടെ നിന്നും ലഭിച്ചത്. ഗ്ലാസ് ഭരണിയില്‍ കണ്ടെത്തിയത് മനുഷ്യഭ്രൂണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യശരീരാവശിഷ്ടങ്ങള്‍ ലഭിച്ച തലസ്ഥാനനഗരത്തിന്റെ സമീപപ്രദേശമായ ടെപിറ്റോ നിയമവിരുദ്ധപ്രവര്ത്തങ്ങള്ക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ്.






