
അമൃത്സര്‍ : സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്കിന്റെ 550 ാം ജന്മദിനത്തില് അദ്ദേഹത്തിന് ആദരവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ വിമാനത്തിന്റെ ചിറകിലാണ് സിഖ് മതത്തിന്റെ പ്രതീകമായ ഇക് ഓങ്കാര്‍ വരച്ച് ചേര്‍ത്തത്. ബോയിംഗ് 787 വിമാനത്തിന്റെ ചിറകിലാണ് വരച്ചത്. അമൃത്സറില് നിന്ന് ലണ്ടനിലേക്കുള്ള വിമാന യാത്ര തുടങ്ങുന്നതിന് മികച്ച ദിവസം അദ്ദേഹത്തിന്റെ ജന്മദിനമാണെന്നും എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി പറഞ്ഞു.
ഇങ്ക് ഓങ്കാര്‍ എന്നാല്‍ ദൈവം ഒന്നാണ് എന്നാണ് അര്‍ത്ഥം. ചിറകിലെ ചുവപ്പ് നിറത്തില്‍ സ്വര്‍ണ്ണം കൊണ്ടാണ് ഇക് ഓങ്കാര്‍ എന്ന് എഴുതിയിരിക്കുന്നത്. വിമാനം ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മള് നല്കുന്ന ഒന്നാണ് ഈ സന്ദേശം. ഇതാണ് സിഖ് പ്രതീകം വിമാനത്തിന് നല്‍കിയതെന്നും അശ്വനി കൂട്ടിച്ചേര്‍ത്തു. നവംബര്‍ 12 നാണ് ഗുരുനാനാക്കിന്റെ ജന്മദിനം ആഘോഷിക്കുന്നത്. അമൃത്സറില് നിന്ന് നേരിട്ട് പാറ്റനയിലേക്ക് വിമാന സര്‍വ്വീസ് തുടങ്ങിയതിന് പിന്നാലെയാണ് സിഎംഡിയുടെ വാക്കുകള്‍.
അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 2.55 ന് ആരംഭിച്ച് പാറ്റ്നയിലെ ജയ് പ്രകാശ് നാരായണന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 5.05 ന് അവസാനിക്കും. തിരിച്ചും സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. എല്ലാ ഞായര്‍, ചൊവ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കു.






