
ഹൈദരാബാദ്: കൊന്ത്രാപല്ലാണെന്ന് ഭാര്യയ്ക്ക് മുത്തലാഖ് നല്കിയ യുവാവിനെതിരെ ഹൈദ്രാബാദ് പോലീസ്. റുക്സാന ബീഗമാണ് ഭര്‍ത്താവ് മുസ്തഫയ്ക്കും കുടുംബത്തിനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. മുത്തലാഖ് പരാതിക്ക് പുറമെ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍ 27നാണ് ഇരുവരുടേയും വിവാഹം നടന്നത്. ഒക്ടോബര്‍ 31നാണ് യുവതി പരാതി നല്‍കിയത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 498 എ വകുപ്പും സ്ത്രീധന നിരോധന നിയമവും ചൂണ്ടിക്കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
വിവാഹത്തിന് പിന്നാലെ നിരവധി സാധനങ്ങള്‍ മുസ്തഫയും കുടുംബവും ചോദിച്ച് വാങ്ങുകയായിരുന്നു. പിന്നീടും ഇത് തുടര്‍ന്നെങ്കിലും സാധനങ്ങള്‍ കിട്ടാതായതോടെ ഭര്‍തൃമാതാവ് ഇവരെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. അവസാനമാണ് കൊന്ത്രാപല്ല് ഉണ്ടെന്ന് പറഞ്ഞ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയത്.
പോലീസില്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍പ്പ് എന്ന് പറഞ്ഞ് ഭര്‍ത്താവ് സമീപിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ തന്നെ തിരികെ കൊണ്ടുപോകാമെന്നും പറഞ്ഞതായും അവര്‍ വ്യക്തമാക്കി. പിന്നീട് വീട്ടില്‍ എത്തിയ ഭര്‍ത്താവ് തന്റെ മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.
