
മഹീന്ദ്ര മറാറ്റ്സോ അടിസ്ഥാനമാക്കി ഫോഡ് പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം നിര്‍മിക്കുമെന്ന് സൂചന. ഫോഡ് എംപിവി 2021 ല്‍ ഇന്ത്യന്‍ വിപണിയിലെത്തും. മഹീന്ദ്രയുടെയും ഫോഡിന്റെയും സംയുക്ത സംരംഭമനുസരിച്ച് എംപിവികളും എസ്യുവികളും ഇലക്ട്രിക് കാറുകളും ഉള്‍പ്പെടുന്ന ഏഴ് പുതിയ മോഡലുകള്‍ വികസിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.
അമേരിക്കന്‍ വാഹന നിര്‍മാതാക്കളുടെ മള്‍ട്ടി പര്‍പ്പസ് വാഹനം പൂര്‍ണമായും പുതിയ ബോഡി ഡിസൈനിലുളളതായിരിക്കും. പുതിയ വാഹനത്തിന് ഗ്ലോബല്‍ സ്പെക് ഫോഡ് ബി-മാക്സ് പ്രചോദനമാകും. മഹീന്ദ്ര മറാറ്റ്സോ പോലെ 7 സീറ്റ്, 8 സീറ്റ് ഓപ്ഷനുകളില്‍ വാഹനം വിപണിയിലെത്തും. എന്നാൽ, ഫോഡിന്റെ 'സിങ്ക്' സീരീസ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പുതുതായി രൂപകല്‍പ്പന ചെയ്യുന്ന ഡാഷ്ബോര്‍ഡ് എന്നിവ ഉണ്ടാകും.
മഹീന്ദ്ര മറാറ്റ്സോ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് പുതിയ ഫോഡ് എംപിവിയിലും ലഭിക്കും. 121 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഈ മോട്ടോര്‍. ബിഎസ് 6 പാലിക്കുന്നതായിരിക്കും എന്ജിന്. മാന്വല്‍, എഎംടി ട്രാന്സ്മിഷന് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. റിപ്പോർട്ട് പ്രകാരം മഹീന്ദ്ര വികസിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും ഫോഡിന്റെ മള്‍ട്ടി പര്‍പ്പസ് വാഹനം ഉപയോഗിച്ചേക്കും. 120 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഈ എൻജിൻ സൃഷ്ടിക്കും.






