
മല്ലിക സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ മക്കളായി ഇന്ദ്രജിത്തും പൃഥ്വിരാജും പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അമ്മയ്ക്ക് ആദ്യം ആശംസകളുമായി എത്തിയത് പൃശ്വിരാജാണ്. 'പിറന്നാള്‍ ആശംസകള്‍ അമ്മ' എന്നാണ് പൃഥ്വി കുറിച്ചത്. പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ നിരവധി പേര് മല്ലികയ്ക്ക് ആശംസകളുമായി എത്തി.
എന്നാല്‍ നടി ഇഷ തല്‍വാറിന് പൃഥ്വിയോട് പറയാനുള്ളത് മറ്റൊരു കാര്യമായിരുന്നു. അമ്മയോടൊപ്പമുള്ള കുറച്ച്കൂടി നല്ലൊരു ഫോട്ടോ ആകാമെന്നായിരുന്നു ഇഷ പറഞ്ഞത്. ഉടന്‍ തന്നെ ഇഷയ്ക്കുള്ള മറുപടിയുമായി പൃഥ്വിയുടെ ആരാധകരെത്തി.
പൃഥ്വി പങ്കുവെച്ച ചിത്രം തന്നെയാണ് മികച്ചതെന്നാണ് ആരാധകര്‍ പറഞ്ഞത്. 'നല്ലത്, മികച്ചത് എന്നതെല്ലാം താല്കാലിക വിഭജനങ്ങള്‍ മാത്രമല്ലേ..... അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് പ്രത്യേകിച്ചൊരു ശ്രേണിയോ വിഭജനമോ ഒന്നുമില്ല. ഒറ്റ ഫ്രെയിമിലുള്ള വികാരമാണ് അത്' എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി.
പൃഥ്വിക്ക് പുറമേ സുപ്രിയയും ഇന്ദ്രജിത്തും പൂര്‍ണിമയുമെല്ലാം മല്ലികയ്ക്ക് ആശംസകള്‍ നേര്‍ന്നു. മകള്‍ പ്രാര്‍ത്ഥനയോടൊപ്പമുള്ള ചിത്രമാണ് പൂര്‍ണിമ പങ്കുവെച്ചത്. താനും മല്ലികയും ഒന്നിച്ചുള്ള ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. പൂര്‍ണിമയ്ക്കും തനിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് അമ്മയ്ക്ക് ആശംസകള്‍ അറിയിച്ചത്.






