
തിരുവനന്തപുരം/ കട്ടപ്പന: സവാളവില സര്‍വകാല റെക്കോഡിലേക്കു കുതിക്കുമ്പോള്‍, ചാകരക്കോള് മുന്നില്‍ക്കണ്ട് സിവില്‍ സെപ്ലെസ് വകുപ്പിലെ ഉന്നതര്‍. കഴിഞ്ഞമാസം വില ഉയര്‍ന്നപ്പോള്‍ ഇറക്കുമതിചെയ്ത സവാള ഇവരില്‍ പലരുടെയും കീശ വീര്‍പ്പിച്ചിരുന്നു. ഇറക്കുമതിചെയ്തതു നിലവാരം കുറഞ്ഞ സവാളയായതിനാല് പല സെപ്ലെകോ ഔട്ട്ലെറ്റുകളിലും മാനേജര്‍മാര്‍ ഇത് ഏറ്റെടുത്തിരുന്നില്ല. ഈ സവാള എവിടെപ്പോയെന്നതിന് അധികൃതര്‍ക്ക് ഉത്തരമില്ല.
നാഫെഡുമായുള്ള ധാരണപ്രകാരമാണു കഴിഞ്ഞമാസം സെപ്ലെകോ 50 മെട്രിക് ടണ്‍ സവാള ഇറക്കുമതി ചെയ്തത്. വില 70 രൂപയ്ക്കുമേല്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. തിരുവനന്തപുരം, എറണാകുളം, ചേര്‍ത്തല, പാലക്കാട് ഡിപ്പോകളിലേക്കാണു സവാള എത്തിയത്. സംസ്ഥാനത്തെ 10 ഡിപ്പോ മാനേജര്‍മാര്‍ 321.5 ക്വിന്റല്‍ സവാള ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. എന്നാല്‍, നിലവാരം കുറവായതിനാല്‍ പല മാനേജര്‍മാരും സവാള ഏറ്റെടുത്തില്ല. പൊതുവിപണിയില്‍ 70 രൂപ വിലയുള്ളപ്പോള്‍, ഇറക്കുമതി സവാള 38 രൂപയ്ക്കു വില്‍ക്കാനായിരുന്നു സെപ്ലെകോയുടെ പദ്ധതി.
ശേഖരിക്കുന്ന സവാളയ്ക്ക് 5% ഷോര്‍ട്ടേജ് അലവന്‍സ് മാത്രമാണ് അനുവദിച്ചിരുന്നത്. അതുകൊണ്ടുതന്നെ മാനേജര്‍മാര്‍ ഇത് ഏറ്റെടുക്കാന്‍ മടിച്ചു. വയലറ്റ് നിറം കൂടിയ സവാള പെട്ടെന്നു കേടാകുമെന്നതും വിമുഖതയ്ക്കു കാരണമായി. ഗുണനിലവാരം കൂടിയ സവാളയ്ക്കാണു സെപ്ലെകോ ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഇറക്കുമതിയുടെ മറവില്‍ വന്‍വെട്ടിപ്പ് നടന്നതായാണ് ആരോപണം. നിലവാരമുള്ള സവാള ഇറക്കുമതി ചെയ്യണമെന്ന മന്ത്രി പി. തിലോത്തമന്റെ നിര്‍ദേശം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയായിരുന്നു. നാഫെഡ് സംഭരണകേന്ദ്രത്തില്‍ സെപ്ലെകോ ഗുണനിലവാര പരിശോധകര് നേരിട്ടെത്തി മേന്മ ഉറപ്പുവരുത്തിയശേഷമാണ് ഓര്‍ഡര്‍ നല്‍കിയത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ, സംസ്ഥാനത്തെ ചില വന്‍കിടവ്യാപാരികളും ഹോട്ടലുകളും വന്‍തോതില്‍ സവാള വാങ്ങിക്കൂട്ടിയതോടെ സബ്സിഡി വിലയ്ക്കു സാധാരണക്കാര്‍ക്കു സവാള കിട്ടിയില്ല. അഫ്ഗാനിസ്ഥാന്,ഈജിപ്ത്, തുര്‍ക്കി, ഇറാന് എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതി നിയന്ത്രണത്തില്‍ ഇളവുവരുത്താന്‍ കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി കെ. ശ്രീവാസ്തയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചിരുന്നു. വില ''സെഞ്ചുറി''യോട് അടുത്തതോടെ കൂടുതല്‍ സവാള ഇറക്കുമതി ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്ലെകോ ഉന്നതര്‍ വീണ്ടും രംഗത്തെത്തി.
തമിഴ്നാട്ടിലെ ഉല്പാദനക്കുറവിന്റെ പേരില്‍ കേരളത്തില്‍ പച്ചക്കറിവില ഉയരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ മിക്ക പച്ചക്കറികള്ക്കുംകഴിഞ്ഞ ആഴ്ചയേക്കാള്‍ വില കുറവാണ്. ചില ഇനങ്ങള്‍ക്കു നേരിയ തോതില്‍ മാത്രമാണ് വില കൂടിയത്. കേരളത്തില്‍ സവാളയുടെയും ചെറിയ ഉള്ളിയുടെയും വില വന്‍ തോതിലാണ് കൂടുന്നത്. സംസ്ഥാനത്ത പലയിടങ്ങളിലും 80 രൂപയോളമാണ് സവാളയുടെയും ചെറിയ ഉള്ളിയുടെയും വില.
മറ്റു പച്ചക്കറികളുടെ വിലയും വ്യത്യസ്തമല്ല. ഉല്പാദനക്കുറവിന്റെ പേരില്‍ തമിഴ്നാട്ടില്‍ പച്ചക്കറിവില അമിതമായി ഉയര്‍ന്നിട്ടില്ലെന്നു വ്യക്തമാണ്. എന്നാല്‍ തമിഴ്നാട്ടിലെ വിലയുടെ അടുത്തുപോലുമല്ല കേരളത്തിലെ പച്ചക്കറി വില.
വിതരണക്കാരുടേയും വില്പനക്കാരുടേയും ലാഭമാണ് കേരളത്തില്‍ അധികമായി നല്‍കേണ്ടിവരുന്നത്. കിലോഗ്രാമിന് 40 രൂപയില്‍ താഴെ ഒരിനം പച്ചക്കറി പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഉരുളക്കിഴങ്ങ്, തക്കാളി, മുരിങ്ങയ്ക്ക, വെളുത്തുളളി, അച്ചിങ്ങ, കൂര്‍ക്ക, മല്ലിയില, നാരങ്ങ എന്നിവയ്ക്കെല്ലാം വലിയതോതിലാണ് വില വര്‍ധന. വെളുത്തുള്ളിയുടെ വിലയാണ് സാധാരണക്കാരെ ഞെട്ടിക്കുന്നത്. ഒരു കിലോ വെളുത്തുള്ളിക്കു സംസ്ഥാനത്ത് പലയിടങ്ങളിലും കിലോക്ക് 190 രൂപ വരെയായി.
മുരിങ്ങയ്ക്ക-160, ഉരുളക്കിഴങ്ങ്-40, തക്കാളിപ്പഴം-50, പച്ചത്തക്കാളി-40, ഇഞ്ചി-100,വഴുതന-50, കത്രിക്ക-40, കോളിഫഌവര്‍-60, ബീറ്റ്റൂട്ട്-40,പടവലങ്ങ 40, ചേന-40,അച്ചിങ്ങ-80, കൂര്‍ക്ക 80, ഏത്തയ്ക്ക-45, ഏത്തപ്പഴം-50, കോവയ്ക്ക-50, കുമ്പളങ്ങ-40, ചീനിക്കിഴങ്-40, നാരങ്ങ-80, കുക്കുമ്പര്‍-40, അമരപ്പയര്‍-50, ക്യാപ്സിക്കം-60, കറിവേപ്പില-40, മല്ലിയില 100 എന്നിങ്ങനെയാണ് സംസ്ഥാനത്തെ പച്ചക്കറി വിലയുടെ നിലവാരം.
രണ്ടാഴ്ചക്കിടെയാണ് ഇത്തരത്തില്‍ വില കുതിച്ചുയര്‍ന്നത്. ആഘോഷ സീസണ് അല്ലാഞ്ഞിട്ടും ഇപ്പോള്‍ ഉണ്ടായ വിലവര്‍ധന നീണ്ടുനില്‍ക്കുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. കാലാവസ്ഥാ വ്യതിയാനം മൂലം തമിഴ്നാട്ടില്‍ ഉല്പാദനം കുറഞ്ഞെങ്കിലും വില കൂടാത്ത അവസ്ഥയിലാണ് കേരളത്തില്‍ പച്ചക്കറിവില കുതിച്ചുയരുന്നുവെന്നതാണ് ശ്രദ്ധേയം.






