
ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് 'ഇക്കോ ഹീറോസ്' എന്ന പുതിയ കാംപെയ്ന് ആരംഭിച്ചു. ഡല്‍ഹിയിലെ രൂക്ഷമായ വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കാംപെയ്ന്.
ഇതിന്റെ ഭാഗമായി ഹീറോ ഇലക്ട്രിക് ഉപയോക്താവിന് പച്ച നിറത്തിലുള്ള പ്രത്യേക ഹെല്‍മറ്റ് സമ്മാനിക്കും. കൂടാതെ, പരിസ്ഥിതിക്ക് നല്കിയ സംഭാവനകള്‍ അംഗീകരിക്കുന്നവിധം ഉപയോക്താവിന് സന്ദേശവും കൈമാറും.
പരിസ്ഥിതി അംബാസഡര്‍മാരായി ഗ്രീന്‍ ഹെല്‍മറ്റ് റൈഡര്‍മാരെ ഹീറോ ഇലക്ട്രിക് കാണുക. ഭാവി തലമുറകള്‍ ഉള്‍പ്പെടെ ശുദ്ധവായു ശ്വസിക്കാന്‍ എല്ലാവരും അര്‍ഹരാണെന്ന് ഹീറോ ഇലക്ട്രിക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കറുപ്പ്, ചാര നിറങ്ങള്‍ക്ക് പകരം പച്ച നിറത്തിലുള്ള ഹെല്‍മറ്റുകളാണ് ഇത്തരം വീരന്മാര്ക്ക് നല്‍കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന ചെയ്യുന്ന ഓരോ വ്യക്തിയും 'ഹീറോ'യാണെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹീന്ദര്‍ ഗില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കഴിഞ്ഞ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണ സമയത്ത്, നൂറ് ഹീറോ ഇലക്ട്രിക് സ്കൂട്ടറുകള് ഉപയോഗിച്ച് 18,000 കൂടുതല്‍ സൗജന്യ റൈഡുകള്‍ നല്‍കിയിരുന്നു.
വായു മലിനീകരണത്തിനെതിരെ, ശുദ്ധവായു സംബന്ധിച്ച ബോധവല്‍ക്കരണത്തിന് കോഡ് ഗ്രീന്‍ എന്ന ഹാഷ്ടാഗുമായി ഹീറോ ഇലക്ട്രിക് സ്വന്തം നിലയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.






