
റോള്‍സ് റോയ്സ് എസ്.യു.വി കള്ളിനനിന്റെ പുതിയ ബ്ലാക്ക് ബാഡ്ജ് എഡിഷന് അവതരിപ്പിച്ചു. പുതിയ പതിപ്പിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. സ്റ്റാന്റേര്‍ഡ് മോഡലിന് 6.95 കോടി രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇതിനെക്കാള്‍ ഉയര്‍ന്ന വില ബ്ലാക്ക് ബാഡ്ജിനുണ്ടാകും.
കറുപ്പ് നിറം പൂര്‍ണമായും ആവരണം ചെയ്ത ഡിസൈനിലാണ് ബ്ലാക്ക് ബാഡ്ജ് മോഡല്‍. റോള്‍സ് റോയ്സ് നിരയിലെ ഗോസ്റ്റ്, ഡോണ്‍, റെയ്ത്ത് എന്നീ മോഡലുകള്‍ക്കും പ്രത്യേക ബ്ലാക്ക് ബാഡ്ജ് പതിപ്പുകള്‍ നേരത്തെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. രൂപത്തിലും ഫീച്ചേഴ്സിലും ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ പുതിയ കള്ളിനന് ബ്ലാക്ക് ബാഡ്ജിനുള്ളൂ. അകത്തളത്തിലും ബ്ലാക്ക് നിറത്തിനാണ് പ്രധാന്യം.
6.75 ലിറ്റര്‍ വി12 എന്ജിന് 600 എച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമേകും. 8 സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. 22 ഇഞ്ചാണ് ഇതിലെ അലോയി വീല്‍. ചുവപ്പ് നിറത്തിലാണ് ബ്രേക്ക് കാലിപേഴ്സ്. സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ് സ്യൂട്ടും കള്ളിനനിനെ വ്യത്യസ്തമാക്കും. വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാല്‍ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ ബ്ലാക്ക് ബാഡ്ജ് ആഗോളതലത്തില്‍ പുറത്തിറങ്ങും.






