
രണ്ടാം പ്രളയത്തില്‍ ഇത്തവണത്തെ ഓണം വലഞ്ഞപ്പോള്‍ റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളെല്ലാം മാറ്റിയിരുന്നു. ആ കുറവ് നികത്താനാണ് ക്രിസ്മസ് ചിത്രങ്ങളുടെ വരവ്. എന്നാല്‍ നേരത്തെ പ്രതീക്ഷിക്കപ്പെട്ടിതില് നിന്നും വ്യത്യസ്ഥമായി മോഹന്‍ലാല്‍, ഫഹദ് ചിത്രങ്ങള്‍ ക്രിസ്മസ് റിലീസുകളായി തീയറ്ററുകളിലെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മമ്മൂട്ടി,പൃഥ്വിരാജ്, ഷെയ്ന് നിഗം ചിത്രങ്ങള്‍ ക്രിസ്മസിനെത്തും.
ഷൈലോക്ക് റിലീസ് തീയതിയില്‍ മാറ്റം വന്നില്ലെങ്കില്‍ മമ്മൂട്ടിയുടേതായി രണ്ടു ചിത്രങ്ങളാണ് ക്രിസ്മസിനെത്തുക. നവംബര്‍ റിലീസ് ആയി പ്രഖ്യാപിച്ചിരുന്ന മാമാങ്കം തീയതി മാറ്റിയതോടെ രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ ക്രിസ്മസിനോടനുബന്ധിച്ച് തീയറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച് എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം 12നാണ് റിലീസിനെത്തുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്, അനു സിതാര, പ്രാചി തെഹ്ലാന്, കനിഹ, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തില്‍ ഇണിനിരക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്.
ബ്രദേഴ്സ് ഡേയ്ക്ക് ശേഷം പൃഥ്വിരാജിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍
സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡിസംബര്‍ 20നാണ് റിലീസ് തീയതി. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തില്‍ ചിത്രത്തിലെത്തുന്നു.
നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന് നിഗമാണ് ചിത്രത്തിലെ നായകന്. ഡിസംബര്‍ 20നാണ് വലിയ പെരുന്നാള്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ജോജു ജോര്‍ജും, സൗബിന് ഷാഹിറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പിലാണ് ഷെയ്ന് ചിത്രത്തിലെത്തുന്നത്. പുതുമുഖം ഹിമിക ബോസ് നായികയാകുന്നു.