
തിരുവനന്തപുരം: യുവതീപ്രവേശനത്തിലെ ശബരിമല വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. വിധിയില്‍ ശുഭപ്രതീക്ഷയുണ്ട്. വിധി എന്തുതന്നെ ആയാലും എല്ലാവരും സംയമനത്തോടെ അത് അംഗീകരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
വീണ്ടും ഒരു മണ്ഡലകാലത്തിലേയ്ക്ക് അടുക്കവേ ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ രാവിലെ 10.30 യോടെയാണ് പുറത്തുവരിക. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്കിയ സുപ്രീംകോടതി വിധി പുന: പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് 56 ഹര്‍ജികളാണ് സുപ്രീംകോടതില്‍ എത്തിയത്.
രഞ്ജന്‍ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബഞ്ചാണ് വിധി പുറപ്പെടുവിക്കുക. നേരത്തെ പുറപ്പെടുവിച്ച സുപ്രീംകോടതി വിധി വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതായിരുന്നു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണം എന്നായിരുന്നു വിധി. ഇത് പിന്നീട് കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രശ്നം സൃഷ്ടിച്ചിരുന്നു. വിധിയുടെ ചുവടുപിടിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് എത്തിയത് വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയൂം ചെയ്തിരുന്നു.






